പാണഞ്ചേരിയിൽ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ഭീഷണിയിൽ പൊറുതി മുട്ടി ജനം


പട്ടിക്കാട്. വായ്പയും പലിശയും തിരിച്ചുപിടിക്കാനെന്ന പേരിൽ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ നടത്തുന്ന ഭീഷണിയിൽ പൊറുതി മുട്ടുകയാണ് പാണഞ്ചേരിയിലെ ജനങ്ങൾ. കൊവിഡ് ദുരിതകാലത്ത്  ജനങ്ങൾക്കു നേരെ ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നത് നിയമവിരുദ്ധമായ നടപടികളാണ്.  ഫീൽഡ്  എക്‌സിക്യൂട്ടീവുമാരെന്ന പേരിൽ  ഗുണ്ടകളെ വെച്ച് എത്തിയാണ് ഭീഷണി. പുരുഷന്മാരില്ലാത്ത സമയം നോക്കി വീടുകളിൽ ചെന്ന് സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നതായും വ്യാപകമായി പരാതികൾ ഉയരുന്നുണ്ട്. പാണഞ്ചേരി പഞ്ചായത്തിന് പുറത്തുനിന്നുള്ള പല സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും പട്ടിക്കാട് വന്ന്   ബ്രാഞ്ചുകളാരംഭിച്ച് ഇത്തരം തട്ടിപ്പുകളാണ് നടത്തുന്നതെന്ന് നേരത്തെ തന്നെ വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം പട്ടിക്കാട് പ്രവർത്തിക്കുന്ന ഒരു സ്വകാര്യ പണമിടപാട് സ്ഥാപനം അയൽക്കൂട്ട അംഗങ്ങൾക്കു നൽകിയ വായ്പ തുകയുടെ അടവു തെറ്റിയെന്ന കാരണം പറഞ്ഞ്
 

ലോണെടുത്തവരുടെ വീടുകളിലെത്തി സ്ത്രീകളെ ഭീഷണിപ്പെടുത്തി. കൊവിഡ് ദുരിതകാലത്ത് ജനങ്ങളുടെ സാമ്പത്തിക പ്രതിസന്ധിയെ ചൂഷണം ചെയ്ത് വ്യാപകമായ കാൻവാസിംഗ് നടത്തി മോഹന വാഗ്ദാനങ്ങളൊക്ക നൽകിയാണ് ജനങ്ങൾക്ക് വായ്പകൾ നൽകുന്നത്.  വായ്പ നൽകിക്കഴിഞ്ഞാൽ ഒരു അടവിന്റെ  തിയതിയെങ്കിലും മാറിയാൽ പിന്നെ ഇവരുടെ തനിനിറം പുറത്തു വരും. പിന്നെ ഫോണിലൂടെ നിരന്തരം ഭീഷണിയായി, അതു കഴിഞ്ഞാൽ വീടുകളിലെത്തി ഭീഷണിപ്പെടുത്തും. വൻ പലിശയ്ക്ക് വാഹന വായ്പകളും വ്യക്തിഗത വായ്പകളുമൊക്കെ  നൽകുന്ന വമ്പൻ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ എക്‌സിക്യൂട്ടീവുകളും നിരന്തരം ഫോണിൽ ഭീഷണിയും വീടുകളിലെത്തി ഭീഷണിയും അപമാനപ്പെടുത്തലുമൊക്കെയാണ് നടന്നുകൊണ്ടിരിക്കുന്നത്. മുടങ്ങിയ വായ്പകളും പലിശയുമൊക്ക തിരികെ പിടിക്കുന്നതിനുള്ള വ്യവസ്ഥാപിതമായ മാർഗ്ഗങ്ങൾക്കു പകരം കൊള്ളപ്പലിശക്കാരുടെ മട്ടിൽ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ നടത്തുന്ന ഗുണ്ടായിസത്തിനെതിരെ സർക്കാരും ബന്ധപ്പെട്ട അധികൃതരും നടപടി സ്വീകരിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.



Post a Comment

0 Comments