അനധികൃത പന്നി ഫാമുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട്

ഫാമുകളുടെ പ്രവർത്തനം മൂലം മാലിന്യ പ്രശ്‌നങ്ങൾ നേരിടുന്ന പ്രദേശങ്ങൾ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ സന്ദർശിക്കുന്നു

പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ അനധികൃതമായി  പ്രവർത്തിക്കുന്ന പന്നി ഫാമുകൾക്കെതിരെ കർശന നടപടി  സ്വീകരിക്കുമെന്ന്  പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ പറഞ്ഞു. താളിക്കോടിന് സമീപം നിന്നുകുഴിയിൽ അനധികൃതമായി പന്നി ഫാമുകൾ പ്രവർത്തിക്കുന്ന പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. നിർദ്ദിഷ്ട മലിനീകരണ നിയന്ത്രണ സൗകര്യങ്ങൾ ഏർപ്പെടുത്താത്ത ഫാമുകളുടെ പ്രവർത്തനം നിർത്തിവെക്കാൻ പഞ്ചായത്ത് നോട്ടീസ് നൽകിയിരുന്നു. എന്നാൽ  അവ വീണ്ടും പ്രവർത്തിക്കുന്നതായുള്ള വിവരത്തെ തുടർന്നാണ് സ്ഥിതിഗതികൾ നേരിട്ട് പരിശോധിക്കാനും 

വിലയിരുത്താനുമായി  പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഇ.ടി ജലജൻ,  പഞ്ചായത്ത് സെക്രട്ടറി പി.ആർ ജോൺ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ റെജി വി. മാത്യു എന്നിവർക്കൊപ്പം പ്രദേശത്ത് എത്തിയതെന്ന് പ്രസിഡണ്ട് പറഞ്ഞു. നിന്നുകുഴി പ്രദേശത്ത് ഒമ്പതോളം പന്നി ഫാമുകളും എതാനും കോഴി ഫാമുകളും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇവയിൽ പലതും നിർദ്ദിഷ്ട മാലിന്യ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രവർത്തിച്ചിരുന്നത്. പ്രദേശത്ത് ഗുരുതരമായ മാലിന്യപ്രശ്‌നങ്ങൾ ഉണ്ടായതിനെ തുടർന്ന് നാട്ടുകാരുടെ പരാതിയുടെയും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശത്തിന്റെയും അടിസ്ഥാനത്തിൽ ആറ് മാസം മുമ്പു തന്നെ മാലിന്യ നിയന്ത്രണ മാർഗ്ഗങ്ങൾ നടപ്പിലാക്കാൻ ഫാമുടമകൾക്ക് നിർദ്ദേശം നൽകിയിരുന്നുവെന്നും അത്തരം നടപടികൾ സ്വീകരിക്കാത്ത ഫാമുകൾക്കാണ് പ്രവർത്തനം നിർത്തിവെക്കാൻ നോട്ടീസ് നൽകിയിരുന്നതെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.




Post a Comment

0 Comments