ഇരുപാതകൾക്കും ഇടയിലായി ഒരു അടിയോളം താഴ്ചയിൽ കാന പോലുള്ള ഭാഗം
പട്ടിക്കാട്. ദേശീയപാതയിലൂടെ വരുന്ന ഇരുചക്ര വാഹന യാത്രക്കാരെ കാത്ത് മുടിക്കോട് സെന്ററിൽ മറ്റൊരു അപകടക്കെണി. തൃശൂർ ഭാഗത്ത് നിന്നും വലതു വശത്തെ പാതയിലൂടെ വന്ന് സെന്ററിൽ നിന്നും ഇടതു പാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് ഇരുപാതകൾക്കും ഇടയിലായി ഒരു അടിയോളം താഴ്ചയിൽ കാന പോലുള്ള ഭാഗം. റോഡ് കുറുകെ കടക്കുമ്പോൾ നിരവധി ഇരുചക്രവാഹനങ്ങൾ ഇവിടെ നിരങ്ങി വീണിട്ടുള്ളതായി നാട്ടുകാർ പറഞ്ഞു. ഇത്തരമൊരു ഗതാഗത നിയന്ത്രണം നടപ്പിലാക്കുമ്പോൾ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ട രീതിയിലുള്ള ഒരു തയ്യാറെടുപ്പും പ്രാരംഭ സമയങ്ങളിൽ ഇവിടെ
ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസത്തെ അപകട മരണത്തെ തുടർന്നാണ് ഒരു ദിശാ ബോർഡ് സ്ഥാപിച്ചത് പോലും. വരും ദിവസങ്ങളിൽ തൃശൂർ ഭാഗത്ത് നിന്ന് ഇടത് പാതയിലൂടെ വാഹനങ്ങൾ കടത്തിവിടുമ്പോൾ കൂട്ടാല ഭാഗത്തേക്കുള്ള വാഹനങ്ങളും ഈ കാന മറികടന്നാണ് ദേശീയപാത കുറുകെ കടക്കേണ്ടത്. പലപ്പോഴും ഇരുചക്ര വാഹന യാത്രക്കാർ നിരങ്ങി വീഴുന്നത് ഇടതടവില്ലാതെ വാഹനങ്ങൾ കടന്നുപോകുന്ന ദേശീയ പാതയിലേക്കാണ്. അത് വലിയ അപകടങ്ങൾക്കാണ് വഴിയൊരുക്കുക. അതുകൊണ്ട് എത്രയും വേഗം ഇരുവശത്തേയും പാതകൾക്കിടയിൽ ടാറിങ് നടത്തി നിരപ്പാക്കി യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
0 Comments