കണ്ണാറ. പീച്ചിഡാം റോഡിൽ ഭൂമി ഏറ്റെടുത്തിട്ട് മൂന്ന് വർഷം കഴിഞ്ഞിട്ടും റോഡ് പണിയാൻ തയ്യാറാകാതെ പൊതുമരാമത്ത് വകുപ്പ് അധികൃതർ. നിലവിൽ മലയോര ഹൈവേയുടെ റൂട്ട് ഇതിലൂടെയാണെന്ന് സർക്കാർ തീരുമാനം വന്നെങ്കിലും കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനോ, റോഡ് പണി ആരംഭിക്കാനോ നടപടികൾ ആരംഭിച്ചിട്ടില്ല. പട്ടിക്കാട് പീച്ചിഡാം റോഡിൽ കണ്ണാറയിൽ നിർമ്മിച്ചിട്ടുള്ള പുതിയ പാലം അവസാനിക്കുന്നിടത്താണ് അപ്രോച്ച് റോഡ് നിർമ്മിക്കാതെ അപകടകരമായ നിലയിൽ ഇട്ടിരിക്കുന്നത്. പാലത്തിന്റെ നിർമ്മാണം നടന്ന സമയത്ത് കൈയ്യേറ്റ ഭൂമിയായിരുന്ന ഈ ഭാഗത്ത് നിയമ
നടപടികളുടെ ഭാഗമായാണ് റോഡ് നിർമ്മിക്കാതിരുന്നത്. എന്നാൽ മൂന്ന് വർഷം മുൻപ് ഇവിടം അളന്ന് തിരിച്ച് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തിരുന്നു. നിലവിൽ നിയമ നടപടികൾ പൂർത്തിയായെങ്കിലും അധികൃതർ സ്ഥലം ഏറ്റെടുത്ത് റോഡ് നിർമ്മാണം ആരംഭിക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നം. പാലം അവസാനിക്കുന്നതോടെ റോഡ് പെട്ടെന്ന് തിരിഞ്ഞ് പഴയ റോഡിലേക്ക് പ്രവേശിക്കുന്ന ഈ ഭാഗം പലപ്പോഴും ഡ്രൈവർമാർക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ്. പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ ഇതുവഴി യാത്ര ചെയ്യുമ്പോൾ അപകട സാധ്യതയും കൂടുതലാണ്. പാലം കഴിയുന്നതോടെ റോഡ് അവസാനിച്ചു എന്ന തോന്നലുണ്ടാക്കുന്നതാണ് പ്രശ്‌നം. മാത്രമല്ല അപകട സൂചന ബോർഡുകളും ഇവിടെ സ്ഥാപിച്ചിട്ടില്ല. പീച്ചിഡാം റോഡിൽ പീച്ചിറോഡ് ജങ്ഷൻ മുതൽ മിക്കയിടങ്ങളിലും വ്യാപകമായി റോഡ് തകർന്നിരിക്കുകയാണ്. വലിയ അപകടങ്ങളും അപകട മരണങ്ങളും നടന്നിട്ടുള്ള ഭാഗങ്ങളാണ് ഇതൊക്കെ. വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരങ്ങളും കഴിഞ്ഞ ദിവസങ്ങൽ ഇവിടെ നടന്നിരുന്നു. മാസങ്ങളായിട്ടും ഇതിനൊരു പരിഹാരം കാണാൻ വകുപ്പ് അധികൃതർ ശ്രമിച്ചിട്ടില്ല. പൊതുമരാമത്ത് വകുപ്പിന്റെ ഈ അനാസ്ഥ വലിയ അപകടങ്ങൾ വിളിച്ചു വരുത്തുന്നതോടൊപ്പം നാടിന്റെ വികസനത്തിന് തടസം സൃഷ്ടിക്കുകയാണെന്നും നാട്ടുകാർ ആരോപിച്ചു.
0 Comments