മുടിക്കോട് ജങ്ഷനിൽ സിഗ്‌നൽ ലൈറ്റ് സ്ഥാപിച്ചു


പട്ടിക്കാട്. ജനങ്ങളുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് ദേശീയപാത മുടിക്കോട് ജങ്ഷനിൽ സിഗ്‌നൽ ലൈറ്റുകൾ സ്ഥാപിച്ചു. ആഴ്ചകളായി പ്രദേശത്ത് അപകടങ്ങളും അപകട മരണങ്ങളും തുടർക്കഥ ആയതോടെ നാട്ടുകാരുടെയും പ്രദേശത്തെ ഓട്ടോ തൊഴിലാളികളുടെയും വിവിധ രാഷ്ട്രീയ കക്ഷികളുടെയും നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങൾക്കൊടുവിലാണ് സിഗ്‌നൽ ലൈറ്റ് സ്ഥാപിക്കാൻ അധികൃതർ തയ്യാറായത്. സോളാർ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ലൈറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇവിടെ ദേശീയപാത കുറുകെ കടക്കുന്നതിനിടെ സംഭവിച്ചിട്ടുള്ള വിവിധ അപകടങ്ങളിൽ പലർക്കും
 

ജീവൻ നഷ്ടമായിട്ടുണ്ട്. നിരവധി പേർക്ക് ഗുരുതരമായ പരിക്കേറ്റു. തിരക്കേറിയ ജങ്ഷനാണെന്നും അപകട മേഖലയാണെന്നും വാഹനങ്ങളും കാൽനടയാത്രക്കാരും ദേശീയപാത കുറുകെ കടക്കുന്ന സ്ഥലമാണെന്നും സൂചിപ്പിക്കുന്ന സിഗ്‌നൽ ലൈറ്റ് ആണ് ഇപ്പോൾ ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. അടിപ്പാത ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികളുടെ സംയുക്ത നേതൃത്വത്തിൽ ഏറെ കാലം മുടിക്കോട് സെന്ററിൽ അനിശ്ചിതകാല സമരങ്ങൾ നടത്തിയിരുന്നു. അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. സി അഭിലാഷിന്റെ നേതൃത്വത്തിൽ കോൺഗ്രസ്സും ഒട്ടേറെ നിവേദനങ്ങളും പരാതികളും നൽകിയിരുന്നു. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലേക്കുള്ള എളുപ്പ മാർഗ്ഗം, ടൂറിസ്റ്റ് ഇടനാഴി വികസനം തുടങ്ങി അടിപ്പാത വരുന്നതോടെ ഉണ്ടാകുന്ന നിരവധി വികസന സാധ്യതകളെ ചൂണ്ടിക്കാട്ടി ദേശീയപാതാ അതോറിറ്റിക്കും കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിനും നിരന്തരം നിവേദനങ്ങളും പരാതികളും നൽകി. ഇതിനെ തുടർന്ന് 2020 മെയ് മാസത്തിൽ മുടിക്കോടിൽ അടിപ്പാതയും, മുളയത്തും പന്തലാംപാടത്തും ഫുട്ട് ഓവർബ്രിഡ്ജുകളും നിർമ്മിക്കാൻ ദേശീയപാതാ അതോറിറ്റി തീരുമാനമെടുത്തിരുന്നതായാണ് അധികൃതർ അറിയിച്ചത്. ഇതേ തുടർന്ന് എംപി ടി.എൻ പ്രതാപൻ മുടിക്കോട് നിർദ്ദിഷ്ട അടിപ്പാത പ്രദേശത്ത് സന്ദർശനം നടത്തി. അടിപ്പാതയുടെ നിർമ്മാണം വൈകാതെ ആരംഭിക്കാൻ കഴിയുമെന്നും നിർമ്മാണം പൂർത്തിയാകുന്നതുവരെ ജാഗ്രതയോടെ പ്രവർത്തനങ്ങൾ പരിശോധിച്ച് വിലയിരുന്നുമെന്നും എംപി ഉറപ്പു നൽകുകയും ചെയ്തിരുന്നു. എന്നാൽ അടിപ്പാതയുടെ കാര്യത്തിൽ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് അധികൃതർ വ്യക്തമാക്കുന്നില്ല.


Post a Comment

0 Comments