പട്ടിക്കാട്. പീച്ചി റോഡ് ജങ്ഷനിലെ സർവ്വീസ് റോഡ് തകർന്ന് തരിപ്പണമായി ഗതാഗതം ദുസ്സഹമായിട്ടും ടാറിംഗ് നടത്താതെ കരാർ കമ്പനി യാത്രക്കാരെയും വാഹനങ്ങളെയും വലയ്ക്കുന്നു. ജനങ്ങളുടെ ആവശ്യമായിട്ടും ഇക്കാര്യത്തിൽ ഒരു ചെറുവിരൽ അനക്കാൻ പോലും പാണഞ്ചേരി പഞ്ചായത്ത് അധികൃതർ തയ്യാറാകുന്നില്ലെന്ന് ജനങ്ങൾക്ക് പരാതിയുണ്ട്. കരാർ കമ്പനിയുടെ പ്രതിനിധിയെ വിളിച്ച് നിർദ്ദേശം കൊടുത്താൽ പരിഹാരം കാണാമെന്നിരിക്കെ പഞ്ചായത്ത് അധികൃതർ ഇക്കാര്യത്തിൽ ഇടപെടാത്തതിലാണ് തങ്ങൾക്ക് പ്രതിഷേധമെന്ന് പരിസരത്തെ വ്യാപാരികളും നാട്ടുകാരും പറയുന്നു.
പാലക്കാട് ഭാഗത്തേക്കുള്ള സർവീസ് റോഡിന്റെ 200 മീറ്ററോളം ഭാഗമാണ് പാടെ തകർന്നിരിക്കുന്നത്. റോഡ് ഈ മട്ടിൽ തകർന്ന് ഒരു വർഷത്തോളമായിട്ടും കുഴിയടയ്ക്കാനോ ടാറിംഗ് നടത്താനോ ഹൈവേയുടെ പണികൾ നടത്തുന്ന കരാർ കമ്പനി തയ്യാറായിട്ടില്ല. പാലക്കാട് ഭാഗത്തേക്കുള്ള മുഴുവൻ വാഹനങ്ങളും ഈ സർവ്വീസ് റോഡിലൂടെയാണ് കടന്നുപോകുന്നത്. മഴക്കാലത്ത് സ്ഥിരം വെള്ളക്കെട്ടുണ്ടായിരുന്ന ഈ റോഡിൽ ഇപ്പോൾ പൊടി ശല്യം രൂക്ഷമാണ്. പ്രദേശത്തെ വ്യാപാരികളുടെ നിരന്തരമായ പരാതിയെ തുടർന്ന് ദിവസവും രാവിലെ ഒരു ടാങ്കർ വെള്ളം കൊണ്ടുവന്ന് റോഡിൽ ഒഴിക്കും. അൽപ സമയം കഴിയുമ്പോൾ തന്നെ വെള്ളം വറ്റി റോഡ് ഉണങ്ങി വീണ്ടും പൊടി ഉയർന്നു പറക്കാൻ തുടങ്ങും. ദേശീയപാതയിൽ മണ്ണുത്തി മുതൽ പട്ടിക്കാട് വരെയുള്ള ഭാഗം മുഴുവൻ ടാറിഗ് നടത്തിയപ്പോഴും സർവ്വീസ് റോഡിന്റെ ഈ ഭാഗത്ത് ഒന്നും ചെയ്തില്ല. അധികൃതർ വേണ്ട ഇടപെടൽ നടത്തി അടിയന്തരമായി റോഡ് ടാറിങ് നടത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
0 Comments