പട്ടിക്കാട്. ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം 2022 ജനുവരി 18ന് നടക്കും. ഇന്ന് ക്ഷേത്രത്തിൽ നടന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. കോവിഡ് മൂന്നാംഘട്ട വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ 46 ദേശങ്ങളിൽ നിന്നും വരാറുള്ള പൂരങ്ങൾ ചുരുക്കി 5 ദേശങ്ങളിൽ നിന്നും 5 ആനകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് എഴുന്നള്ളിപ്പ് നടത്താനാണ് തീരുമാനമെന്ന് ക്ഷേത്രം ഭരണസമിതി അറിയിച്ചു. പൂവൻചിറ, ഇമ്മട്ടി പറമ്പ്, ചെമ്പൂത്ര വടക്ക്, തെക്കുംപാടം, താണിപ്പാടം എന്നീ ദേശങ്ങളിൽ നിന്നാണ് എഴുന്നള്ളിപ്പ് നടത്തുക. സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികൾ അനുസരിച്ചാണ് ഇപ്പോൾ തീരുമാനം എടുത്തിട്ടുള്ളതെന്നും പത്തു
ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് കോവിഡുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ കടുപ്പിച്ചാൽ അന്തിമ തീരുമാനമെടുക്കുന്നത് ജില്ലാ കലക്ടർ ആയിരിക്കുമെന്നും പീച്ചി സിഐ. എസ് ഷുക്കൂർ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ കർശനമായും പാലിച്ച് ആയിരിക്കണം ആഘോഷ പരിപാടികൾ നടത്തേണ്ടതെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾ നിർബന്ധമായും മാസ്‌ക് ധരിച്ച്, സാനിറ്റൈസർ ഉപയോഗിച്ചു വേണം ക്ഷേത്രത്തിനകത്ത് പ്രവേശിക്കാൻ എന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ റെജി വി മാത്യു അറിയിച്ചു. ജനുവരി 12 ബുധനാഴ്ച രാവിലെ 9ന് ക്ഷേത്രം തന്ത്രിയുടെ മുഖ്യ കാർമികത്വത്തിൽ മകരച്ചൊവ്വ മഹോത്സവത്തിന് കൊടിയേറും. ക്ഷേത്രം പ്രസിഡൻറ് കെ.കെ രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ പാണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാവത്രി സദാനന്ദൻ, ആനിമൽ വെൽഫയർ ബോർഡ് മെമ്പറും ആന ചികിത്സകനുമായ ഡോക്ടർ ഗിരിദാസ്, സോഷ്യൽ ഫോറസ്ട്രി തൃശ്ശൂർ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഷിറാസ്, ക്ഷേത്രം സെക്രട്ടറി കെ.ടി ഉണ്ണികൃഷ്ണൻ, ട്രഷറർ വി.കെ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
0 Comments