കുതിരാൻ. രണ്ടാം തുരങ്കത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പാറപൊട്ടിക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണ സ്‌ഫോടനം ഇന്ന് ഉച്ചക്ക് രണ്ടിന് നടത്തും. സുരക്ഷയുടെ ഭാഗമായി വഴക്കുംപാറ മുതൽ തുരങ്കത്തിന്റെ കിഴക്ക് ഭാഗം വരെ സമ്പൂർണ്ണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. സ്‌ഫോടനം തീരുന്നതുവരെയാണ് നിയന്ത്രണം. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും മുന്നറിയിപ്പ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. സ്‌ഫോടനത്തിനായി മുന്നോടിയായി
പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന അലാറം മുഴങ്ങും. സ്‌ഫോടനത്തിന് തൊട്ടുമുമ്പ് രണ്ടാമത്തെ അലാറവും സ്‌ഫോടനത്തിനു ശേഷം മൂന്നാമത്തെ അലാറവും മുഴങ്ങും.
ഗതാഗത നിയന്ത്രണം ഉച്ചക്ക് രണ്ട് മുതൽ
ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ സ്‌ഫോടനം കഴിഞ്ഞ് ഉദ്യോഗസ്ഥർ സ്ഥലത്തുചെന്ന് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതുവരെ തൃശൂർ പാലക്കാട് ദേശീയപാതയിലെ കുതിരാൻ ഭാഗത്ത് എല്ലാതരം വാഹനങ്ങളുടേയും ഗതാഗതം നിർത്തിവെക്കുന്നതാണ്. നിർദ്ദിഷ്ട സ്ഥലത്തേക്ക് പൊതുജനങ്ങൾക്ക് യാതൊരുവിധ പ്രവേശനവും ഉണ്ടായിരിക്കുന്നതല്ല. തൃശൂരിൽ നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ വഴുക്കുംപാറ ജങ്ഷന് മുമ്പും വലിയ ഭാര വാഹനങ്ങൾ ചുവന്നമണ്ണ് ജങ്ഷന് മുമ്പും നിർത്തിയിടേണ്ടതാണ്. പാലക്കാട് ഭാഗത്തു നിന്നും തൃശൂരിലേക്ക് വരുന്ന ചെറിയ വാഹനങ്ങൾ കൊമ്പഴ എത്തുന്നതിന് മുമ്പും വലിയ ഭാരവാഹനങ്ങൾ വാണിയംമ്പാറ എത്തുന്നതിന് മുമ്പും നിർത്തിയിടണം. എയർപോർട്ട്, ആശുപത്രി തുടങ്ങിയ അത്യാവശ്യകാര്യങ്ങൾക്കുവേണ്ടി ഈസമയം കുതിരാൻ വഴി പോകേണ്ട വാഹനങ്ങൾ ദേശീയപാത ഒഴിവാക്കി, സൗകര്യപ്രദമായ മറ്റു റോഡുകളിലൂടെ സഞ്ചരിക്കേണ്ടതാണെന്ന് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആദിത്യ ആർ അറിയിച്ചു.
0 Comments