കുതിരാൻ രണ്ടാം തുരങ്കം: അഗ്‌നി സുരക്ഷാ പരിശോധന വിജയം


കുതിരാൻ. രണ്ടാം തുരങ്കത്തിലെ സുരക്ഷാ നടപടികളുടെ ഭാഗമായി അഗ്‌നി സുരക്ഷാ സേനയുടെ നേതൃത്വത്തിൽ നടത്തിയ ട്രയൽ റൺ വിജയിച്ചു. ഇന്നലെ വൈകീട്ട് നാലരയോടെ ആണ് പരിശോധന സംഘം സ്ഥലത്തെത്തിയത്. ജില്ല ഫയർ ഓഫീസർ അരുൺ ഭാസ്‌ക്കർ, തൃശൂർ ഫയർ സ്‌റ്റേഷൻ ഓഫീസർ വിജയ് കൃഷ്ണ, തൃശൂർ ഫയർ സ്‌റ്റേഷനിലെ ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർമാരായ സ്മിനേഷ്,
 

ജിമോദ്, ഹോം ഗാർഡ് സാജു എന്നിവർ ട്രയൽ റണ്ണിന് നേതൃത്വം നൽകി. അഗ്‌നിശമന ഉപകരണങ്ങളുടെ പ്രവർത്തനക്ഷമത തൃപ്തികരമാണെന്നും ഇന്ന് റിപ്പോർട്ട് സമർപ്പിക്കുമെന്നും അരുൺ ഭാസ്‌ക്കർ പറഞ്ഞു.

ഒന്നാം തുരങ്കത്തിലെ അതേ സിസ്റ്റം തന്നെയാണ് രണ്ടാം തുരങ്കത്തിലും സ്ഥാപിച്ചിട്ടുള്ളത്. രണ്ട് ഇലക്ട്രിക് പമ്പുകളും ഒരു ഡീസൽ പമ്പും ആണ് പമ്പിങ്ങിനായി ഉപയോഗിച്ചിട്ടുള്ളത്. ഇലക്ടിസിറ്റി തകരാർ സംഭവിച്ചാൽ ഡീസൽ പമ്പ് തനിയെ പ്രവർത്തിക്കും. ഹോസുകളിലേക്കുള്ള വാൽവ് തുറക്കുമ്പോൾ തന്നെ ഓട്ടോമാറ്റിക് ആയി പ്രവർത്തിക്കുന്ന രീതിയിലാണ് പമ്പുകൾ സജ്ജമാക്കിയിട്ടുള്ളത്. കൂടാതെ 21 ഹൈഡ്രന്റ് പോയിന്റുകൾ തുരങ്കത്തിൽ ഉണ്ട്. അമ്പത് മീറ്റർ അകലത്തിലാണ് ഹൈഡ്രന്റ് പോയിന്റുകൾ സ്ഥാപിച്ചിട്ടുള്ളത്. ഓരോ ഹൈഡ്രന്റ് പോയിന്റുകൾക്കൊപ്പം ഹോസ് റീലുകളും ഉണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ വാഹന യാത്രക്കാർക്ക് പോലും പ്രവർത്തിപ്പിക്കാവുന്ന നിലയിലാണ് ഇവ ക്രമീകരിച്ചിട്ടുള്ളത്. ഇതിലേക്ക് ആവശ്യമായ വെള്ളം സംഭരിക്കുന്നതിനായി 2 ലക്ഷം ലിറ്ററിന്റെ ടാങ്കും തുരങ്കത്തിന് സമീപത്തുണ്ട്. ഇതിനെല്ലാം പുറമെ 70 ഫയർ എക്സ്റ്റിംഗ്യൂഷറുകളും തുരങ്കത്തിലുണ്ട്. ഏത് അടിയന്തര ഘട്ടത്തിലും തുരങ്കത്തിനുള്ളിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ സംവിധാനങ്ങളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളതെന്ന് അരുൺ ഭാസ്‌ക്കർ പറഞ്ഞു. അടിയന്തര ഘട്ടങ്ങളിൽ  വാഹനങ്ങൾ കടത്തിവിടുന്നതിന് രണ്ടാം തുരങ്കവും പൂർണ്ണ സജ്ജമാണെന്ന് കരാർ കമ്പനി പിആർഒ അജിത്ത് പ്രസാദ് അറിയിച്ചു.



Post a Comment

0 Comments