പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ജലനിധി പദ്ധതിയുടെ എസ്എൽഇസി ഭരണസമിതിയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് ജനുവരി 7ന് നടക്കുകയാണ്. നിലവിലെ പ്രശ്‌നങ്ങൾ പരിഹരിച്ച് പദ്ധതി സുഗമമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്ന തരത്തിലുള്ള തീരുമാനവും നേതൃത്വവും ഉണ്ടാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. ഗുണഭോക്തൃ സമിതികളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറർ, എസ്എൽഇസി പ്രതിനിധികൾ എന്നിവരാണ് തിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കേണ്ടതെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. പാണഞ്ചേരിയിലെ ഏറ്റവും വലിയ സ്വാശ്രയ കുടിവെള്ള പദ്ധതിയായ ജലനിധി വിവാദങ്ങളുടെ കേന്ദ്രമായിട്ട് കാലങ്ങളേറെയായി.
ഇടക്കാലത്ത് ജലനിധി പദ്ധതിയുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട ചർച്ചകൾ ഉയർന്നു കേട്ടിരുന്നു. വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങിയ ജലനിധിയെ കരകയറ്റുന്നതിന് കെആർഡബ്ല്യുഎസ്എ മുഖ്യ പങ്കാളിയായി പാണഞ്ചേരി പഞ്ചായത്തും ഗുണഭോക്തൃസമിതിയും ചേർന്ന് പ്ലാന്റിന്റെ നവീകരണമുൾപ്പെടെയുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരുന്നെങ്കിലും അതൊന്നും ഇതുവരെയും പ്രാവർത്തികമായിട്ടില്ല. പഞ്ചായത്ത് നേരിട്ട് എസ്എൽഇസിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നു വരുന്നു എന്നാണ് അറിവ്. ഗുണഭോക്തൃ സമിതികൾക്ക് കൂടുതൽ ചുമതല നൽകിക്കൊണ്ട് പ്രവർത്തനങ്ങളെ കാര്യക്ഷമമാക്കണമെന്ന നിർദ്ദേശം എസ്എൽഇസി തന്നെ മുന്നോട്ടുവെച്ചിരുന്നു. വെള്ളക്കരം പിരിവ്, കുടിശ്ശിക,അറ്റകുറ്റപ്പണികൾ എന്നിവ സംബന്ധിച്ച കണക്കുകളും റിപ്പോർട്ടുകളും ബി ജി യോഗങ്ങളിൽ തയ്യാറാക്കാൻ നിർദ്ദേശിച്ചിരുന്നു. നവംബർ 27ന് പൊതുയോഗം ചേരാനാണ് മുമ്പ് പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ നിശ്ചയിച്ചിരുന്നതെങ്കിലും അത് വൈകുകയായിരുന്നു.
0 Comments