പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിലെ ഏറ്റവും വലിയ പൊതുകുളങ്ങളിലൊന്നായ മുടിക്കോടിനടുത്തുള്ള ചാത്തംകുളം ചണ്ടിയും പായലും വളർന്ന് ജനങ്ങൾക്ക് പ്രയോജനപ്പെടുത്താൻ കഴിയാത്ത നിലയിലായി. ഇവ നീക്കം ചെയ്ത് കുളം പൂർണ്ണതോതിൽ ഉപയോഗപ്രദമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. രണ്ടര ഏക്കറോളം വിസ്തൃതിയുള്ള ഈ കുളം പ്രദേശത്തെ കിണറുകളെയും മറ്റ് ജലസ്രോതസ്സുകളെയും സമ്പുഷ്ടമാക്കുന്ന ഏറ്റവും വലിയ ജല സ്രോതസ്സാണ്. ഇതിലെ ജല വിതാനം കടുത്ത വേനലിലും കാര്യമായി താഴാറില്ല. പ്രദേശത്തെ പ്രധാന സ്വാശ്രയ
കുടിവെള്ള പദ്ധതിയും ഈ കുളത്തെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചണ്ടിയും പായലും നീക്കി കുളം ശുചീകരിക്കുന്ന പതിവുണ്ടായിരുന്നു. എന്നാൽ അടുത്ത കാലത്തൊന്നും ശുചീകരണപ്രവർത്തനങ്ങൾ നടന്നിട്ടില്ല. കുളത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് പല പദ്ധതികളും പ്രഖ്യാപിച്ചിരുന്നെങ്കിലും അവയൊന്നും സമയബന്ധിതമായി നടപ്പായില്ല. കെഎൽഡിസിയുടെ നേതൃത്വത്തിൽ രണ്ട് കോടിയിലേറെ രൂപ ചെലവിൽ വശങ്ങൾ കല്ലുകെട്ടി സംരക്ഷിക്കുന്നതിനുള്ള പദ്ധതി കൊവിഡ് കാലഘട്ടത്തിന് മുമ്പ് പ്രഖ്യപിച്ചെങ്കിലും അത് യാഥാർത്ഥ്യമായില്ല. ചാത്തംകുളത്തിന്റെ നവീകരണവും കുളത്തിൽ നിന്നുള്ള ചാലിന്റെ കോൺക്രീറ്റിംഗും ഉൾപ്പെടെ മറ്റൊരു പദ്ധതി കെഎൽഡിസി ഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായുള്ള മണ്ണുപരിശോധനയും നടന്നിട്ടുണ്ട്. ഇതിന്റെ പണികൾ തുടർച്ചയായി നടക്കണമെന്നും ഈ പദ്ധതിയെങ്കിലും കാലതാമസമില്ലാതെ പൂർത്തിയാകണമെന്നുമുള്ള ആഗ്രഹത്തിലാണ് നാട്ടുകാർ. കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് കുളത്തിന്റെ ആഴം കൂട്ടി, വശങ്ങൾ കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിച്ച് കുളത്തിന് ചുറ്റും ജോഗിങ് ട്രാക്കും ഇരിപ്പിട സൗകര്യങ്ങളും ഒരുക്കി കുളത്തിന്റെ സൗന്ദര്യവൽക്കരണം കൂടി നടപ്പിലാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
0 Comments