കുതിരാൻ. രണ്ടാം തുരങ്കത്തിനകത്തെ റോഡിന്റെ സെന്റർ ലൈൻ മാർക്കിങ് പൂർത്തിയാകുന്നതോടെ തുരങ്കം ഗതാഗത സജ്ജമാകുമെന്ന് കമ്പനി പിആർഒ അജിത് പ്രസാദ് പറഞ്ഞു. ലൈറ്റുകളും, എക്‌സ്‌ഹോസ്റ്റുകളും സ്ഥാപിച്ച് കഴിഞ്ഞിരുന്നു. ഫയർ ആന്റ് സേഫ്റ്റി ടെസ്റ്റും വിജയിച്ചതോടെ തുരങ്കത്തിനകത്തെ നിർമ്മാണ പ്രവർത്തനങ്ങൾ ഏകദേശം പൂർത്തിയായിട്ടുണ്ട്. സെന്റർ ലൈൻ മാർക്കിങ് ഉടൻ പൂർത്തിയാകും. തുരങ്കത്തിന് പടിഞ്ഞാറ് ഭാഗത്തായി ഒന്നാം തുരങ്കത്തിലേക്കുള്ള അപ്രോച്ച്
റോഡുമായി ബന്ധിപ്പിക്കുന്നതിന് രണ്ടാം തുരങ്കത്തിൽ നിന്നുള്ള താൽക്കാലിക പാതയുടെ നിർമ്മാണം ആരംഭിച്ചു. ദിവസങ്ങൾക്കുള്ളിൽ ഇവകൂടി പൂർത്തീകരിക്കുന്നതോടെ പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങളെ തുരങ്കമുഖത്ത് നിന്നും രണ്ടാം തുരങ്കത്തിലൂടെ തിരിച്ചുവിടാവുന്ന നിലയിൽ തുരങ്കം ഗതാഗതസജ്ജമാകും. 2021 ജൂലൈ 31ന് ഒന്നാം തുരങ്കം ഗതാഗതത്തിന് തുറന്നു കൊടുത്തതിന് ശേഷം വളരെ വേഗതയിൽ ആയിരുന്നു രണ്ടാം തുരങ്കത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. വഴക്കുംപാറയിൽ നിന്നുള്ള റോഡിന്റെ പണികളും നിർദ്ദിഷ്ട സമയത്തിനുള്ളിൽ പൂർത്തീകരിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അതിനായി പടിഞ്ഞാറെ തുരങ്കമുഖത്ത് പാറ പൊട്ടിച്ച് നീക്കുന്ന പണികൾ പുരോഗമിക്കുന്നുണ്ട്. നിലവിൽ രാവിലെ ആറിനും ഏഴിനും ഇടയിലും ഉച്ചക്ക് പന്ത്രണ്ടിനും ഒന്നിനും ഇടയിലും എന്നിങ്ങനെ രണ്ട് സ്‌ഫോടനങ്ങൾ നടത്താൻ ആണ് ഇപ്പോൾ അനുമതി നൽകിയിട്ടുള്ളത്. വേണ്ടത്ര സുരക്ഷാ മുൻ കരുതലുകൾ എടുത്താണ് സ്‌ഫോടനങ്ങൾ നടത്തുന്നതെന്നും അജിത് പ്രസാദ് അറിയിച്ചു.
0 Comments