മണ്ണുത്തി. പത്മശ്രീ പുരസ്കാരത്തിന് അർഹയായ ഡോ.ശോശാമ്മ ഐപ്പിനെ സംസ്ഥാന സർക്കാരിന് വേണ്ടി റവന്യൂ മന്ത്രി കെ രാജൻ ആദരിച്ചു. വംശനാശ ഭീഷണി നേരിട്ടിരുന്ന വെച്ചൂർ പശുക്കളെ സംരക്ഷിക്കുന്നതിനായി ഡോ.ശോശാമ്മ ഐപ്പ് നടത്തിയ പരിശ്രമങ്ങളാണ് അവരെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. അർഹതയ്ക്കുള്ള അംഗീകാരമാണ് ഡോ. ശോശാമ്മ ഐപ്പിനെ തേടി എത്തിയ പത്മ പുരസ്കാരമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. കുട്ടനാട്ടിലെ ഒരു കർഷ കുടുംബത്തിൽ ജനിച്ച ശോശാമ്മ ഐപ്പ് നാഷണൽ ഡയറി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മൃഗ പ്രജനന ശാസ്ത്രത്തിൽ പിഎച്ച്ഡി നേടി. 1979 ൽ വെറ്ററിനറി കോളേജിൽ അധ്യാപികയായി. തുടർന്ന് കേരള കാർഷിക സർവകലാശാലയിൽ ജെനറ്റിക്സ് ആന്റ് അനിമൽ ബ്രീഡിംഗ് വകുപ്പ് മേധാവിയായി. വെച്ചൂർ പശുക്കളുടെ സംരക്ഷണത്തിനായി വെച്ചൂർ കൺസർവേഷൻ ട്രസ്റ്റ് രൂപീകരിച്ചു. ഗവേഷണ പ്രസിദ്ധീകരണങ്ങളിൽ പ്രബന്ധങ്ങളും ആനുകാലികങ്ങളിൽ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മന്ത്രിക്കൊപ്പം ജില്ലാ കലക്ടർ ഹരിത വി കുമാറും മണ്ണുത്തി ഇന്ദിര നഗറിലുള്ള വീട്ടിലെത്തിയിരുന്നു. തനിക്ക് ലഭിച്ച വിശിഷ്ടമായ അംഗീകാരത്തിൽ അഭിമാനിക്കുന്നുവെന്ന് ശോശാമ്മ ഐപ്പ് പറഞ്ഞു.
0 Comments