ആൽപ്പാറ. മണ്ടൻചിറ പ്രദേശത്തുള്ള കർഷകർക്ക് ജലസേചന സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പദ്ധതിയായ മണ്ടൻചിറ ലിഫ്റ്റ് ഇറിഗേഷൻ പ്രൊജക്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ സ്ഥലം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. പദ്ധതിക്കായി മണ്ടൻചിറയിൽ മണലിപ്പുഴയോട് ചേർന്ന് പമ്പ് ഹൗസ് നിർമ്മിക്കും. ഇവിടെ നിന്നും കേളകത്ത്മുക്കിൽ പണിയുന്ന ടാങ്കിലേക്ക് വെളളം കൊണ്ടുവന്നാണ് കൃഷിക്കാർക്ക് ആവശ്യമായ ജലസേചന സൗകര്യം ലഭ്യമാക്കുന്നത് എന്ന് പ്രസിഡന്റ് പറഞ്ഞു. ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ആണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ആദ്യ ഗഡു ഒരു കോടി പതിനാല് ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. 150 ഓളം ഏക്കർ സ്ഥലത്ത് ജലസേചനത്തിന് ഈ പദ്ധതി ഉപകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാർഷിക ആവശ്യങ്ങൾക്കായി വെള്ളം എത്തുന്നതോടെ സമീപത്തെ കിണറുകൾ കൂടി റീച്ചാർജ്ജ് ആകുകയും കുടിവെള്ള ക്ഷാമത്തിന് പരിഹാരം ആകുകയും ചെയ്യുമെന്ന് പ്രസിഡന്റ് പറഞ്ഞു. 6 മാസം കൊണ്ട് പണികൾ പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് നിഗമനം. മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ജോസ്, പദ്ധതി കമ്മിറ്റി പ്രസിഡന്റ് അഗസ്റ്റിൻ, സെക്രട്ടറി ജെസ്സി, ട്രഷറർ ബേബി തുടങ്ങിയവർ പങ്കെടുത്തു.
0 Comments