പട്ടിക്കാട്. ഇതൾ സൗഹൃദവേദിയുടെ അജ പരിപാലനത്തിലൂടെ അതിജീവനം എന്ന പദ്ധതി റവന്യൂ മന്ത്രി അഡ്വ. കെ രാജൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് ആടുകളെ നൽകി, അവയെ പരിപാലിച്ച് വളർത്തി കുടുംബങ്ങളിൽ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പു വരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വളരെ ഗൗരവമായ ഒരു പദ്ധതിക്കാണ് ഇതൾ സൗഹൃദവേദി തുടക്കം കുറിച്ചിരിക്കുന്നതെന്നും തീറ്റപ്പുൽ കൃഷി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ കൂടി ഉൾപ്പെടുത്തി പദ്ധതി കൂടുതൽ വിപുലീകരിക്കാൻ കഴിയട്ടെ എന്നും മന്ത്രി പറഞ്ഞു. പീച്ചി പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 25 കുട്ടികൾക്കാണ് ആടുകളെ വിതരണം ചെയ്യുന്നത്. മഞ്ഞിലാസ് ഫുഡ്
പ്രൈവറ്റ് ലിമിറ്റഡിന്റെ ഡബിൾ ഹോഴ്‌സ് കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതൾ സൗഹൃദവേദി രക്ഷാധികാരിയും പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ പി.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. അധ്യാപകർ, കർഷകർ, വിദ്യാർത്ഥികൾ, കലാകായിക പ്രതിഭകൾ തുടങ്ങി വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു. പട്ടിക്കാട് ടി കെ ആർ ബസ് സ്റ്റാൻഡിൽ വെച്ച് നടന്ന പരിപാടിയിൽ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ, ഡബിൾ ഹോഴ്‌സ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻറ് വിഭാഗം ജനറൽ മാനേജർ ജോമി എബ്രഹാം, ഡോക്ടർ പ്രദീപ് കുമാർ ഇതൾ സൗഹൃദവേദി രക്ഷാധികാരികളായ ബാബു തോമസ്, റെജി വി മാത്യു, പ്രസിഡണ്ട് കെ.കെ സാബു, സെക്രട്ടറി എം.പി അജി, ട്രഷറർ എം.ആർ അനീഷ് തുടങ്ങിയവരും പ്രസംഗിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ ജാതി,മത, രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് അതീതമായി സാമൂഹിക പ്രവർത്തന മേഖലയിൽ തൽപരരായ കുടുംബങ്ങൾ ചേർന്ന് രൂപീകരിച്ച കൂട്ടായ്മയാണ് ഇതൾ സൗഹൃദവേദി. വിവിധ മേഖലകളിൽ തങ്ങളാലാവുന്ന വിധം അർഹരായവർക്ക് കൈത്താങ്ങായി പ്രവർത്തിക്കുക എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം എന്ന് പ്രസിഡണ്ട് കെ.കെ സാബു പറഞ്ഞു.
0 Comments