പഞ്ചായത്ത് തലത്തിൽ ടെലിമെഡിസിൻ സംവിധാനം ഉപയോഗപ്പെടുത്തണം: മന്ത്രി കെ.രാജൻ


പട്ടിക്കാട്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചായത്ത് തലത്തിൽ ടെലിമെഡിസിൻ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണം എന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ പറഞ്ഞു. പാണഞ്ചേരി പഞ്ചായത്ത് ഹാളിൽ നടന്ന കോവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്ന അദ്ദേഹം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏറ്റവും പ്രചാരമേറിക്കൊണ്ടിരിക്കുന്ന ചികിത്സാ സംവിധാനമാണ് ടെലിമെഡിസിൻ. വീടുകളിൽ ഇരുന്നുകൊണ്ടുതന്നെ മൊബൈൽ ആപ്പുകളിലൂടെയോ ഫോണിലൂടെയോ ഡോക്ടറുമായി രോഗവിവരം സംസാരിച്ച് ചികിത്സ ലഭ്യമാക്കുന്ന രീതിയാണ് ടെലിമെഡിസിൽ സംവിധാനം. രോഗവ്യാപന സാധ്യത ഒരു പരിധിവരെ നിയന്ത്രിക്കാൻ ഇതിലൂടെ സാധിക്കുമെന്നും വാർഡ് തലത്തിൽ ഇതിനാവശ്യമായ പ്രചാരണങ്ങൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വാർഡ്തല ജാഗ്രതാ 

സമിതികൾ രൂപികരിക്കുക, പഞ്ചായത്ത് തലത്തിൽ ആർആർടി ടീമുകളുടെ സേവനം ലഭ്യമാക്കുക, ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്ററുകളുടെ രൂപീകരണം ഒഴിവാക്കുന്നതിന് പൊതു പരിപാടികൾ നിയന്ത്രിക്കുക, വ്യാപര സ്ഥാപനങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നത് കർശനമായി നിയന്ത്രിക്കുക, മാസ്‌ക്-സാനിറ്റൈസർ നിർബന്ധമാക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് ഇന്ന് നടന്ന കോവിഡ് അവലോകന യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടത്.

കൂടാതെ കോവിഡ് മൂലം മരണപ്പെട്ടവരുടെ ആശ്രിതർക്ക് 50,000 രൂപയും, കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് 5000 രൂപ വീതം 36 മാസത്തേക്കും നൽകുന്നതിന് ഗവൺമെന്റ് തീരുമാനിച്ചിട്ടുള്ളതായും മന്ത്രി പറഞ്ഞു. തുക എത്രയും വേഗം ആശ്രിതർക്ക് ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പീച്ചി സിഐ എസ് ഷുക്കൂർ, വെള്ളാനിക്കര സാമൂഹികാരോഗ്യകേന്ദ്രം സൂപ്രണ്ട് കെ എസ് ജയന്തി, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി സജു, പഞ്ചായത്ത് വൈസ്പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുബൈദ അബൂബക്കർ, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബാബു തോമസ്, പഞ്ചായത്ത് സെക്രട്ടറി പി.ആർ ജോൺ, വില്ലേജ് ഓഫീസർമാർ, വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

0 Comments