കണ്ണാറ. മലമുക്ക് സെന്ററിൽ ക്ഷീര സംഘത്തിന് സമീപം വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയായി. പല തവണ ബന്ധപ്പെട്ടവരെ വിവരമറിയിച്ചിട്ടും പൈപ്പിന്റെ ചോർച്ച അടച്ചില്ലെന്ന് പ്രദേശവാസികൾ പറയുന്നു. പ്രധാന വിതരണ ലൈനുകളിൽ ഒന്നായതുകൊണ്ട് എപ്പോഴും ഇവിടെ വെള്ളം പുറത്തേയ്ക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. സ്ഥിരമായ ചോർച്ചയിൽ വെള്ളക്കെട്ടുണ്ടായി പരിസരത്തെ റോഡും തകർച്ചയിലേക്ക് നീങ്ങുകയാണ്.
വേനൽ കടുത്തതോടെ പാണഞ്ചേരി പഞ്ചായത്തിലെ മിക്ക വാർഡുകളിലും ഇപ്പോൾ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. പീച്ചി ഡാമിൽ വെള്ളം സുലഭമായിട്ടും നാട്ടിൽ മുടങ്ങാതെ വെള്ളം കിട്ടുന്നില്ലെന്ന് വാർഡ് മെമ്പർമാർ തന്നെ പരാതിപ്പെടുന്നു. ചില പ്രദേശങ്ങളിൽ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് വാട്ടർ അതോറിറ്റിയുടെ വെള്ളം എത്തുന്നതെന്ന പരാതിയുമുണ്ട്. പൈപ്പുപൊട്ടുന്നതു പോലുള്ള തകരാറുകൾ അപ്പപ്പോൾ പരിഹരിക്കാൻ ആവശ്യമായ ജീവനക്കാരെ നിയമിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
0 Comments