പട്ടിക്കാട്. പീച്ചിറോഡ് ജങ്ഷനിൽ അടിപ്പാത നിർമ്മിക്കുന്നിടത്ത് വേണ്ടത്ര സുരക്ഷാ മുന്നൊരുക്കങ്ങൾ ഇല്ലെന്ന പരാതിയുമായി നാട്ടുകാർ. അടിപ്പാതയ്ക്ക് വേണ്ടി നിർമ്മിച്ച പാർശ്വഭിത്തികൾക്ക് മുകളിൽ കോൺക്രീറ്റിംഗ് നടത്തുന്ന ഭാഗത്തുള്ള സർവ്വീസ് റോഡിലാണ് അപകട സാധ്യത. മുകളിൽ കോൺക്രീറ്റിംഗ് നടത്തുമ്പോൾ ഉണ്ടാകുന്ന അവശിഷ്ടങ്ങൾ പാലക്കാട് ഭാഗത്തേക്കുള്ള സർവ്വീസ് റോഡിലുടെ പോകുന്ന ഇരുചക്ര വാഹന യാത്രക്കാരുടെ ശരീരത്തിലും മറ്റു വാഹനങ്ങൾക്കു മുകളിലുമാണ്
വീഴുന്നത്. ഇത് അപകടത്തിന് വഴിയൊരുക്കുമെന്ന് നാട്ടുകാർ പറഞ്ഞു. സാധാരണ നിലയിൽ ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ വേണ്ട സുരക്ഷാ മുൻകരുതലുകൾ പാലിക്കാതെയാണ് പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് മുൻപും പരാതി ഉയർന്നിട്ടുണ്ട്. ബന്ധപ്പെട്ട അധികാരികൾ ഇടപെട്ട് വേണ്ട മുൻകരുതലുകൾ എടുത്ത് യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
0 Comments