കുതിരാനിലെ തുരങ്കയാത്ര: നിയമവഴികളിലെ പോരാട്ട സാഫല്യമെന്ന് ഷാജി കോടങ്കണ്ടത്ത്


പട്ടിക്കാട്.
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കുതിരാനിലെ തുരങ്കയാത്രയെന്ന സ്വപ്‌നം യാഥാർഥ്യമായപ്പോൾ നാട്ടിലെ ജനങ്ങൾക്ക് അതൊരു ആഘോഷമായിരുന്നു. എന്നാൽ ഇതിനെല്ലാം പുറകിൽ നിയമവഴികളിൽ ശക്തമായ പോരാട്ടം നടത്തിയ ഒരു അഭിഭാഷകനുണ്ട് അഡ്വ ഷാജി ജെ. കോടങ്കണ്ടത്ത്. 2009 ആഗസ്റ്റ് 24ന് ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയും തൃശൂർ എക്‌സ്പ്രസ്‌വേയും തമ്മിൽ ഉണ്ടാക്കിയ കരാർ പ്രകാരമാണ് ദേശീയപാതയുടെ നിർമ്മാണം ആരംഭിക്കുന്നത്. ദേശീയപാത അഥോറിറ്റി നിശ്ചയിച്ച സെക്യൂരിറ്റി മാനുവൽ അനുസരിച്ചായിരുന്നു പണികൾ മുന്നോട്ട് പോകേണ്ടിയിരുന്നത്. എന്നാൽ തുടക്കം മുതൽ സുരക്ഷാ നിബന്ധനകൾ പാലിക്കാതെ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ അനേകരുടെ ജീവനാണ് എടുത്തത്. ഇതേ തുടർന്നാണ് ദേശീയപാത
 

അഥോറിറ്റിക്കും കരാർ കമ്പനിക്കും എതിരെ വക്കീൽ തന്റെ നിയമപോരാട്ടങ്ങൾ ആരംഭിക്കുന്നത്.
2016ൽ മണ്ണുത്തി  വടക്കഞ്ചേരി ദേശീയ പാതയിലെ നിർമാണത്തിൽ സുരാക്ഷാ മാനദണ്ഡങ്ങൾ ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. 2017ൽ ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യം ഫയൽ ചെയ്തു. തുടർന്ന് കോടതിയലക്ഷ്യ ഹർജിയിൽ ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശം നൽകി. 2018ലും 2020ലും അറ്റകുറ്റ പണികൾ നടത്താതെ റോഡ് തകർന്നതിനെ തുടർന്ന് അറ്റകുറ്റപണികൾ നടത്താൻ നിർദ്ദേശം കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഇടക്കാല ഹർജി നൽകി. നന്നാക്കിയ റോഡ് വെട്ടിപ്പൊളിച്ച് കേബിൾ ഇടുന്നത് തടയുവാൻ പവർഗ്രിഡ് കോർപ്പറേഷന് എതിരെ നൽകിയ ഹർജിയിൽ കോടതി ഇടപെട്ടു. 2009 ആഗസ്റ്റ് 24 മുതൽ ദേശീയപാതയിൽ ഉണ്ടായ മരണങ്ങളിൽ ദേശീയപാത അഥോറിറ്റിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും എതിരെ തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുൻപാകെ നൽകിയ ഹർജിയിൽ പീച്ചി പോലീസ്, ദേശീയപാത അഥോറിറ്റി ചെയർമാൻ, കരാർ കമ്പനി മാനേജ്‌മെന്റ് തുടങ്ങിയവർക്കെതിരെ നരഹത്യക്ക് കേസെടുത്തു. ദേശീയപാതയിലെ അഴിമതിക്കും കരാർ ലംഘനത്തിനും എതിരെ ദേശീയ വിജിലൻസ് കമ്മീഷന് പരാതി നൽകി. മണ്ണുത്തിവടക്കുഞ്ചേരി ദേശീയപാതയുടെ പണികൾ പൂർത്തീകരിക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയക്കുകയും തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുകയും ചെയ്തു. ഒടുവിൽ ഒരു തുരങ്കമെങ്കിലും തുറക്കണം എന്നാവശ്യപ്പെട്ട് 2020 മാർച്ചിൽ ഹൈക്കോടതിയിൽ ഹർജി നൽകി. 2020 ഡിസംബറിനുള്ളിൽ ഒരു തുരങ്കം തുറക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും അത് വൈകിയതിനെ തുടർന്ന് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഇതെ തുടർന്നാണ് 2021 ജൂലൈ 31ന് ആദ്യ തുരങ്കം തുറന്നത്. ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ കരാർ പ്രകാരം പൂർത്തീകരിച്ച് സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതുവരെ നിയമ പോരാട്ടങ്ങളുമായി ജനങ്ങൾക്കൊപ്പം നിൽക്കാൻ തന്നെയാണ് കെ.പി.സി.സി സെക്രട്ടറികൂടിയായ ഷാജിയുടെ തീരുമാനം.



Post a Comment

0 Comments