വെള്ളാനിക്കര. സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മിക്കാനായി കാർഷിക സർവ്വകലാശാലയുടെ ഭൂമി പാട്ടത്തിന് നൽകാൻ തീരുമാനമായതായി റവന്യൂ മന്ത്രി. കെ. രാജൻ പറഞ്ഞു. പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി വെള്ളാനിക്കര സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ സംഘടിപ്പിച്ച സ്‌നേഹ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരന്നു മന്ത്രി. സിഎച്ച്‌സിയുടെ സമഗ്രവികസനത്തിനായി പുതിയ കെട്ടിടം നിർമ്മിക്കാൻ രണ്ട് കോടി രൂപ സർക്കാർ അനുവദിച്ചിരുന്നെങ്കിലും അതിന് ആവശ്യമായ സ്ഥലം ലഭ്യമല്ലായിരുന്നു. എന്നാൽ വേണ്ട ഇടപെടലുകൾ
നടത്തിയതിനെ തുടർന്ന് കേരള കാർഷിക സർവ്വകലാശാലയുടെ അധീനതയിലുള്ള 50 സെന്റ് ഭൂമി വർഷത്തിൽ സെന്റിന് 100 രൂപ നിരക്കിൽ പാട്ടത്തിന് സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് കൈമാറാൻ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. അടുത്ത മാസം തന്നെ അതിന്റെ മറ്റുനടപടിക്രമങ്ങളിലേക്ക് കടക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ പാലിയേറ്റീവ് കുടുംബങ്ങൾക്ക് സ്‌നേഹോപഹാരവും നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി അധ്യക്ഷനായിരുന്നു. സാമൂഹികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. കെ.എസ് ജയന്തി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫ്രാൻസീന ഷാജു, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ സുരേഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുമിനി കൈലാസ്, റെനി മേരി അലക്‌സ്, ജില്ലാ പാലിയേറ്റീവ് കെയർ കോ-ഓഡിനേറ്റർ അഡ്വ. ടി.എസ് മായദാസ്, ഇസാഫ് മാനേജിങ് ഡയറക്ടർ കെ.പോൾ തോമസ്, ഹെൽത്ത് സൂപ്പർവൈസർ രവീന്ദ്രനാഥൻ പി. തുടങ്ങിയവർ സംസാരിച്ചു.
0 Comments