പട്ടിക്കാട്. കാർഷിക മേഖലയായ പാണഞ്ചേരിയിൽ കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യജീവികളുടെ ആക്രമണത്തിൽ കൃഷി നാശം വ്യാപകമാവുകയാണ്. കാട്ടുപന്നി, മുള്ളൻ പന്നി, മലയണ്ണാൻ, കുരങ്ങ്, മയിൽ എന്നിവയുടെ ഉപദ്രവം മൂലം വർഷം കഴിയും തോറും കൃഷി തുടരാൻ കഴിയാത്ത സാഹചര്യമാണെന്ന് പ്രദേശത്തെ കർഷകർ പറയുന്നു. പതിവായി വാഴ കൃഷി ചെയ്തു വരുന്ന പാണഞ്ചേരി താളിക്കോട് കണിയാംകുഴിയിൽ ആന്തൂർ വീട്ടിൽ രാജഗോപാലന്റെ 250 ഓളം വാഴകളാണ് ഇന്നലെ കാട്ടുപന്നിക്കൂട്ടം തകർത്തത്. ഗൾഫിൽ ജോലിയുണ്ടായിരുന്ന രാജഗോപാലൻ നാട്ടിൽ വന്ന്
മുഴുവൻ സമയവും കൃഷിയിൽ മുഴുകുകയായിരുന്നു. മൂവായിരത്തോളം വാഴയാണ് രാജഗോപാലൻ കൃഷി ചെയ്യുന്നത്. അതിൽ നാലുമാസവും അതിൽ കൂടുതലും പ്രായമുള്ള വാഴകളാണ് ഏറെയും നശിപ്പിച്ചിരിക്കുന്നത്. തെങ്ങിലാകട്ടെ തേങ്ങ കരിക്ക് പ്രായമാകുമ്പോൾ തന്നെ മലയണ്ണാനും കുരങ്ങുമൊക്കെ തുളച്ച് നശിപ്പിക്കും. ഇതുപോലെ ഭൂമി പാട്ടത്തിനെടുത്തും ബാങ്ക് വായ്പ എടുത്തും കൃഷി ചെയ്യുന്ന കർഷകർ ഇപ്പോൾ കണ്ണീർക്കയത്തിലാണ്. വന്യമൃഗശല്യം മൂലം കൃഷി നാശം ഉണ്ടാകുന്ന കർഷകരെ സാമ്പത്തികമായി സഹായിക്കുന്നതിനും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും സർക്കാർ തയ്യാറാകണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. പാണഞ്ചേരി ഗ്രാമ പഞ്ചായത്തിൽ തന്നെ നിരവധി മികച്ച കർഷകരുള്ള മേഖലയാണ് പാണഞ്ചേരി, ചെമ്പൂത്ര പ്രദേശങ്ങൾ. മികച്ച കർഷകർക്കുള്ള ബഹുമതികൾ നേടിയവരാണ് ഇവിടുത്തെ പല കർഷകരും. ഇവർ കൃഷി കൈവിടാതെ തുടർന്നുകൊണ്ടു പോകണമെങ്കിൽ അതിനു വേണ്ട പ്രോത്സാഹനങ്ങളും സഹായങ്ങളും അധികൃതർ ലഭ്യമാക്കണമെന്ന് വാർഡ് മെമ്പർ ജയകുമാർ ആദം കാവിൽ ആവശ്യപ്പെട്ടു.
0 Comments