കുതിരാനിൽ നാളെ പരീക്ഷണ സ്‌ഫോടനം. രണ്ടാം തുരങ്കത്തിലേക്കുള്ള റോഡിന്റെ നിർമ്മാണം പുരോഗമിക്കുന്നു.


കുതിരാൻ. വഴക്കുംപാറയിൽ നിന്നും തുരങ്കത്തിലേക്കുള്ള റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പാറകൾ പൊട്ടിച്ചു നീക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. പഴയ റോഡ് പൂർണ്ണമായും പൊളിച്ചു നീക്കുന്ന പണികൾ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. മണ്ണ് നീക്കം ചെയ്ത ഭാഗങ്ങളിലെ പാറകൾ പൊട്ടിച്ചു നീക്കുന്നതിനുള്ള പണികൾ ആണ് ഇനി നടത്തേണ്ടത്. ഇതിന്റെ ഭാഗമായി നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് പരീക്ഷണ സ്‌ഫോടനം നടത്താൻ തീരുമാനിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ജനങ്ങളുടെ സുരക്ഷ
 

ഉറപ്പുവരുത്തുന്നതിനായി സ്‌ഫോടനം തീരുന്നതു വരെയുള്ള സമയത്ത് വഴുക്കുംപാറ മുതൽ തുരങ്കത്തിന്റെ എതിർവശം വരെയുള്ള ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. സ്‌ഫോടനം നടത്തുന്ന വേളയിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും മുന്നറിയിപ്പ് സംവിധാനങ്ങളും ഒരുക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്‌ഫോടനത്തിനായി സ്ഥലം തയ്യാറാക്കുന്നതിന് മുന്നോടിയായി പൊതുജനങ്ങൾക്കുള്ള മുന്നറിയിപ്പെന്നോണം ആദ്യ അലാറം മുഴക്കും. സ്‌ഫോടനത്തിന് തൊട്ടുമുമ്പ് രണ്ടാമത്തെ അലാറവും സ്‌ഫോടനത്തിനു ശേഷം മൂന്നാമത്തെ അലാറവും മുഴക്കാനും യോഗത്തിൽ തീരുമാനമായതായി ജില്ലാ കലക്ടർ അറിയിച്ചു.



Post a Comment

0 Comments