കൊവിഡ്: പാണഞ്ചേരി അതിതീവ്ര വ്യാപനത്തിലേക്ക്


പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിൽ കൊവിഡ് തീവ്ര വ്യാപന ഘട്ടത്തിലേക്ക് നീങ്ങുന്നു എന്നാണ് പുറത്തു വരുന്ന സൂചനകളെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ റെജി വി മാത്യൂ പറഞ്ഞു. രണ്ടാം തരംഗത്തിന് സമാനമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇതുവരെ പുറത്തു വന്ന കണക്കുകൾ പരിശോധിക്കുമ്പോൾ അതിതീവ്ര വ്യാപന ഘട്ടത്തിലേക്ക് പാണഞ്ചേരിയും നീങ്ങിക്കൊണ്ടിരിക്കുന്നു എന്നത് വ്യക്തമാണ്. സമ്പർക്ക വ്യാപനം രൂക്ഷമാണ്. ഒട്ടേറെ പേർ കൊവിഡ് ബാധിതരായി വീടുകളിൽ കഴിയുന്നുണ്ട്. പലപ്പോഴും ഒരു വീട്ടിൽ നിന്ന് ഒരാൾ മാത്രമാണ് കൊവിഡ് പരിശോധനയ്ക്ക് തയ്യാറായി പുറത്തു വരുന്നത്. ഇവരുടെ കണക്കുകൾ മാത്രമാണ് ഔദ്യോഗികമായി ലഭിക്കുക. കഴിഞ്ഞ ജനുവരി 17 ന് പുറത്തുവന്ന കണക്കുകളനുസരിച്ച് 69 പേർക്കാണ്  പാണഞ്ചേരിയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. രണ്ട് ദിവസത്തിനു ശേഷം ഫലം പുറത്തു വന്നപ്പോൾ അത് 204 ആയി ഉയർന്നു. രോഗികളുടെ എണ്ണത്തിൽ മൂന്നിരട്ടിയിലേറെയാണ് വർധനവുണ്ടായത്. നാല് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.  കഴിഞ്ഞ ആഴ്ചയിൽ പാണഞ്ചേരി പഞ്ചായത്തിലെ വിവിധ ദേവാലയങ്ങളിലെ തിരുനാളാഘോഷങ്ങളും ഉത്സവങ്ങളുമൊക്കെയായി വലിയ തോതിൽ ജനങ്ങൾ ഒത്തുകൂടിയിരുന്നു എന്നത് വാസ്തവമാണ്. അതുമായി ബന്ധപ്പെട്ടുള്ള  രോഗവ്യാപനത്തിന്റെ കണക്കുകൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. ഇതും കൂടി പരിഗണിക്കുമ്പോൾ അതി തീവ്രവ്യാപന ഘട്ടത്തിലേക്കാണ് പാണഞ്ചേരി പഞ്ചായത്ത് നീങ്ങിക്കൊണ്ടിരിക്കുന്നത്. മയിലാട്ടുംപാറ, ചെമ്പൂത്ര, വഴുക്കുംപാറ, പീച്ചി, വിലങ്ങന്നൂർ തുടങ്ങിയ വാർഡുകളിലാണ് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത്. ഒരു ഘട്ടത്തിൽ പാണഞ്ചേരിയിലെ കൊവിഡ് കണക്കുകൾ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തിയതായിരുന്നു. എന്നാൽ വൻ തോതിൽ ജനങ്ങൾ ഒത്തുകൂടിയ ചടങ്ങുകൾ നടന്നതോടെ കൊവിഡ് വ്യാപനത്തിന്റെ തോത് ഉയർന്നുവെന്നും ജനങ്ങളുടെ ഭാഗത്തുനിന്നും  കനത്ത ജാഗ്രതയില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്നും റെജി വി മാത്യൂ മുന്നറിയിപ്പ് നൽകുന്നു.



Post a Comment

0 Comments