വഴുക്കുംപാറ. കുതിരാൻ തുരങ്കങ്ങളിലേക്കുള്ള അപ്രോച്ച് റോഡിന്റെ പണികൾ അതിവേഗം പുരോഗമിക്കുകയാണ്. പടിഞ്ഞാറേ തുരങ്കമുഖത്ത് കുതിരാൻ ക്ഷേത്രത്തിന് മുന്നിലൂടെ കടന്നുപോയിരുന്ന പഴയ ഹൈവേയുടെ ഒരു ഭാഗം പൊളിച്ചു നീക്കുന്ന പണികൾ അന്തിമ ഘട്ടത്തിലാണ്. ഈ ഭാഗത്തെ പാറ പൊട്ടിച്ചു നീക്കുന്ന പണികളാണ് ഇപ്പോൾ ദ്രുതഗതിയിൽ നടക്കുന്നത്. ഉദ്ദേശിച്ചിരുന്ന അത്രയും പാറ ഇല്ലാതിരുന്നതിനാൽ പണികൾ വളരെ എളുപ്പത്തിൽ മുന്നോട്ട് നീങ്ങി. റോഡിന്റെ ഇരു ഭാഗത്തുമായി ഏതാനും സ്ഥലത്തെ പാറകൂടി മാത്രമേ ഇനി പൊട്ടിച്ചു നീക്കാനുള്ളൂ. അപ്രോച്ച് റോഡിൽ നിന്ന് നേരിട്ട്
രണ്ട് തുരങ്കങ്ങളും ദൃശ്യമാകുന്ന വിധത്തിൽ ഈ ഭാഗത്തെ മണ്ണും നീക്കി കഴിഞ്ഞിട്ടുണ്ട്. ഫെബ്രുവരി അവസാനത്തോടെ അപ്രോച്ച് റോഡിന്റെ പണികൾ പൂർത്തിയാകുമെന്നാണ് കമ്പനി അധികൃതർ നൽകുന്ന വിശദീകരണം. വഴുക്കുംപാറ അടിപ്പാതയുടെ പണികൾ പൂർത്തിയാകാൻ കുറച്ചുകൂടി കാലതാമസമെടുക്കും. വഴുക്കുംപാറ സെന്ററിൽ നിന്ന് തുരങ്കത്തിന്റെ അപ്രോച്ച് റോഡുമായി ബന്ധിപ്പിക്കുന്ന 9 മീറ്റർ ഉയരമുള്ള പാതയുടെ പണികളും ഏറെ മുന്നോട്ടുപോയിട്ടുണ്ട്. റോഡിന് ഇരു ഭാഗത്തുമുള്ള കോൺക്രീറ്റ് ഭിത്തികളുടെ നിർമ്മാണം എഴുപതു ശതമാനത്തോളം പൂർത്തിയായി. ഈ റോഡിന്റെ ഭാഗമായാണ് വഴുക്കുംപാറ അടിപ്പാതയുടെ പണികളും നടക്കുന്നത്. മാർച്ച് അവസാനത്തോടെ മുഴുവൻ പണികളും പൂർത്തീകരിക്കാനുള്ള ഒരുക്കത്തിലാണ് കരാർ കമ്പനി.
0 Comments