ക്ഷേത്രം തന്ത്രി മുണ്ടാരപ്പിള്ളി മനയ്ക്കൽ മുരളീകൃഷ്ണൻ നമ്പൂതിരി ചെമ്പൂത്ര മകരച്ചൊവ്വ മഹോത്സവത്തിന് കൊടിയേറ്റുന്നു
പട്ടിക്കാട്. ചരിത്ര പ്രസിദ്ധമായ ചെമ്പൂത്ര മകരച്ചൊവ്വ മഹോത്സവത്തിന് കൊടിയേറി. ഇന്ന് രാവിലെ 9 മണിക്ക് ക്ഷേത്രം തന്ത്രി മുണ്ടാരപ്പിള്ളി മനയ്ക്കൽ മുരളീകൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് കൊടിയേറ്റ് നടത്തിയത്. ജനുവരി 18നാണ് പൂരം. അതുവരെയുള്ള ഉത്സവ ദിനങ്ങളിൽ വിവിധ പൂജകളും ഹോമങ്ങളും അഭിഷേകങ്ങളും ഉണ്ടാകും. ആശ സുരേഷ്, ഏലൂർ ബിജു, അമ്പലപ്പുഴ വിജയകുമാർ എന്നിവരുടെ സേപാന സംഗീതവും ഉണ്ടാകും. ജനുവരി 16 ഞായറാഴ്ചയാണ് പൊങ്കാല. മകരച്ചൊവ്വ ദിനത്തിൽ വൈകീട്ട് 4 മുതൽ 5.30 വരെ ദേശ പൂരങ്ങൾക്ക് വരവേൽപ്പ് നൽകും. 6 മണി മുതൽ 7.30 വരെയാണ് കൂട്ടി എഴുന്നെള്ളിപ്പ്. ചേറൂർ ശ്രീജിത്ത് മാരാരുടെ പ്രമാണത്തിൽ പാണ്ടിമേളം കൂട്ടി എഴുന്നെള്ളിപ്പിന് അകമ്പടിയേകും. ബുധനാഴ്ച പുലർച്ചെയുള്ള കൂട്ടി എഴുന്നെള്ളിപ്പിന് പഞ്ചാരിമേളവും ഉണ്ടാകും. 19ന് ബുധനാഴ്ച ഒറുകുളങ്ങരയിലെ ആറാട്ടോടെ ഉത്സവത്തിന് കൊടിയിറങ്ങും. കൊവിഡ് കാല പ്രതിസന്ധി തുടരുന്നതിനാൽ അഞ്ച് ദേശങ്ങളിൽ നിന്നു മാത്രമാണ് ഈ വർഷം പൂരം അണിനിരക്കുക. പ്രസിഡണ്ട് കെ.കെ രാജേഷ്, സെക്രട്ടറി കെ.ടി ഉണ്ണികൃഷ്ണൻ, ഖജാൻജി വി.കെ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള ക്ഷേത്രം ഭരണസമിതി ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകും.
0 Comments