തകർന്ന് തരിപ്പണമായി പീച്ചിഡാം റോഡ്. രോഗികളുമായി ദുരിത യാത്രയെന്ന് ആംബുലൻസ് ഡ്രൈവർമാർ


പട്ടിക്കാട്. പീച്ചിഡാം റോഡ് തകർന്ന് തരിപ്പണമായി തുടങ്ങിയിട്ട് മാസങ്ങളായി. മന്ത്രിമാർ അടക്കമുള്ള ഉന്നത നേതാക്കൾ പലവട്ടം ഇതിലൂടെ യാത്രചെയ്തിട്ടും തിരിഞ്ഞു നോക്കുന്നില്ലെന്ന് നാട്ടുകാർ. ഒടുവിൽ റോഡിന്റെ ദുരവസ്ഥയിൽ പ്രതിഷേധവുമായി ആംബുലൻസ് ഡ്രൈവർമാരും. പീച്ചിറോഡ് ജങ്ഷൻ മുതൽ എടപ്പലം, പള്ളിക്കണ്ടം, വാരിയത്തുപടി, ആൽപ്പാറ തുടങ്ങി പലഭാഗങ്ങളിലും റോഡ് പൂർണ്ണമായും തകർന്ന നിലയിലാണ്. അപകടത്തിൽ പെട്ട ആളുകളുമായി ഇതിലൂടെ വരുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ വിവരിക്കുകയാണ് പീച്ചിറോഡ് ജങ്ഷനിലെ ആംബുലൻസ് ഡ്രൈവർമാർ. രണ്ട് പ്രധാന പ്രശ്‌നങ്ങളാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. അസ്ഥികൾക്ക് ഒടിവോ പൊട്ടലോ സംഭവിച്ച രോഗികളുമായി വരുമ്പോൾ ആണ് കൂടുതൽ അപകടസാധ്യത. റോഡിലുള്ള കുഴികൾ കാണുമ്പോൾ
 

പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നത് മൂലമോ, കുഴികളിൽ വാഹനം കയറിയിറങ്ങുന്നത് മൂലമോ വാഹനത്തിൽ ഉള്ള രോഗികൾക്ക് കൂടുതൽ വേദനയും ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വരുന്നതായി ഡ്രൈവർ അനീഷ് പറഞ്ഞു. വാഹനത്തിന്റെ ബാലൻസ് നഷ്ടപ്പെടാനുള്ള സാധ്യതയും കുടുതലാണ്. രണ്ടാമത്, അടിയന്തര ശുശ്രൂഷ ലഭിക്കേണ്ട രോഗികളുമായി പോകുമ്പോൾ റോഡിലെ കുഴികൾ മൂലം കൃത്യസമയത്ത് രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാത്തതും പ്രധാന പ്രശ്‌നമാണ്. പ്രത്യേകിച്ച് അപകടങ്ങളിൽ പെട്ടവരുമായി പോകുമ്പോൾ ഓരോ സെക്കന്റുകളും വിലപ്പെട്ടതാണ്. കുഴികൾ ഒഴിവാക്കി വരുന്ന ചെറുവാഹനങ്ങൾ പലപ്പോഴും ആംബുലൻസുകൾക്ക് ഒരു ഭീഷണിയാണെന്നും ഡ്രൈവർ റിജോ പറഞ്ഞു.

പ്രതിഷേധങ്ങളും പരാതികളുമായി നാട്ടുകാരും വിവിധ രാഷ്ട്രീയ കക്ഷികളും രംഗത്ത് ഇറങ്ങാൻ തുടങ്ങിയിട്ട് മാസങ്ങളായി. എന്നാൽ അധികൃതർ ഇതൊന്നും കേട്ടഭാവം നടിക്കാത്തതാണ് സാധാരണക്കാരന് മനസിലാകാത്തത്. വലിയ ദുരന്തങ്ങൾ സംഭവിച്ചിട്ട് അടിയന്തരമായി റോഡുകൾ നന്നാക്കാൻ കാത്തിരിക്കാതെ എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കാണണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നു.



Post a Comment

0 Comments