ദേശീയപാത: നിർമ്മാണം പൂർത്തീകരിക്കാതെ ടോൾ പിരിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി കെ. രാജൻ


പട്ടിക്കാട്. ദേശീയ പാതയുടെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കാതെ ടോൾ പിരിവ് അനുവദിക്കുകയില്ലെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. ദേശീയപാതയുമായി ബന്ധപ്പെട്ട നിരവധി ചർച്ചകൾ ഇപ്പോൾ നടന്നുവരികയാണ്. ഒന്നര പതിറ്റാണ്ടായി നടക്കുന്ന ദേശീയപാതാ വികസന പ്രവർത്തനങ്ങൾ അതിവേഗം പൂർത്തീകരിക്കണം എന്നു തന്നെയാണ് സർക്കാർ ആഗ്രഹിക്കുന്നത്. സംസ്ഥാന സർക്കാരും പാഞ്ചായത്തും ഇതുമായി ബന്ധപ്പെട്ട പിന്തുണ നൽകുന്നുണ്ട്. ദേശീയപാതയുമായി ബന്ധപ്പെട്ട ചുമതലകൾ വഹിക്കേണ്ട പൂർണ്ണമായ ഉത്തരവാദിത്തം ദേശീയപാത അതോറിറ്റിക്കു തന്നെയാണ്. എന്നാൽ ഏതു സാഹചര്യത്തിലും ദേശീയപാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട്
 

പരസ്പരമുണ്ടാക്കിയ കരാർ പൂർത്തീകരിക്കാതെതെ ടോൾ പിരിവ് അനുവദിക്കില്ല എന്ന് മന്ത്രി പറഞ്ഞു. പട്ടിക്കാട് ഇതൾ സൗഹൃവേദിയുടെ ചടങ്ങിൽ പങ്കെടുക്കവെയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. 

കുതിരാനിലെ രണ്ടാം തുരങ്കം അടുത്ത  മാർച്ച് അവസാനത്തോടെ ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്നായിരുന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചിരുന്നത്. എന്നാൽ  തുരങ്കത്തിന്റെ നിർമ്മാണപ്രവർത്തനങ്ങളെല്ലാം പൂർത്തിയായ സാഹചര്യത്തിൽ ദേശീയപാതാ അതോറിറ്റിയുടെ നിർദ്ദേശത്തെ തുടർന്ന് തുരങ്കം ഗതാഗതത്തിന് തുറന്നു നൽകുമെന്ന് കഴിഞ്ഞ ദിവസം മാധ്യമ വാർത്തകളുമുണ്ടായിരുന്നു. രണ്ടാം തുരങ്കം തുറന്നുകൊടുക്കുന്നത് ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാകുന്നതിനും യാത്ര സുഗമമാകുന്നതിനും വഴിയൊരുക്കും എന്നിരിക്കെ സംസ്ഥാന സർക്കാരിന്റെ ഇടപെടലിനെ തുടർന്നാണ് തുരങ്കം തുറക്കാൻ വൈകുന്നത് എന്ന ആരോപണവും ശക്തമായി ഉയർന്നു. ഈ സാഹചര്യത്തിലാണ് നിർമ്മാണം പൂർത്തീകരിക്കാതെ ടോൾ പിരിവ് അനുവദിക്കില്ലെന്ന് മന്ത്രി പ്രഖ്യാപിച്ചത്.


Post a Comment

0 Comments