വിലങ്ങന്നൂർ. പതിവായി അപകടം നടക്കുന്ന റോഡിലെ വളവ് നിവർത്താനായി സ്വന്തം ഭൂമി സൗജന്യമായി വിട്ടു നൽകി നാടിന് മാതൃകയായിരിക്കുകയാണ് ചേറ്റുപുഴക്കാരൻ വീട്ടിൽ ജോസും കുടുംബവും. പീച്ചി ഡാം റോഡിൽ എസ്എൻഡിപി ക്ഷേത്രത്തിന് മുന്നിൽ നിന്ന് മനയ്ക്കപ്പാടത്തേക്കുള്ള റോഡിലാണ് നിരന്തരം അപകടങ്ങൾക്ക് ഇടയാക്കിയിരുന്ന കൊടും വളവ് ഉണ്ടായിരുന്നത്. റോഡിന്റെ ഒരു ഭാഗം താഴ്ന്ന പ്രദേശവും വളവിനോട് ചേർന്ന് കുളവും ഉണ്ടായിരുന്നതുകൊണ്ട് വഴി വീതി വർധിപ്പിച്ച് വളവ് ഒഴിവാക്കുക അത്ര എളുപ്പമായിരുന്നില്ല. വളവിനോട് ചേർന്ന് ജോസിനും കുടുംബത്തിനും ആകെ ഉണ്ടായിരുന്നത് 12 സെന്റ് ഭൂമിയാണ്. അപകടകരമായ നിലയിൽ ഉണ്ടായിരുന്ന വളവ് നിവർത്തി സഞ്ചാരം സുഗമമാക്കുന്നതിന് എത്രയാണോ ഭൂമി ആവശ്യമുള്ളത് അത് തികച്ചും സൗജന്യമായി വിട്ടു നൽകാമെന്ന് ജോസ് വാർഡ് മെമ്പർ ഷൈജു കുരിയനെ അറിയിക്കുകയായിരുന്നു. ഭൂമിക്ക് ഉയർന്ന
വിലയുള്ള മേഖലയായിട്ടും ഒരു രൂപ പോലും പ്രതിഫലം ഇച്ഛിക്കാതെയാണ് ഒരു ലക്ഷത്തിലേറെ വിലവരുന്ന ഭൂമി ജോസ് വഴിയുടെ വികസനത്തിനായി വിട്ടു നൽകിയത്. വാർഡ് മെമ്പർ ഷൈജു കുരിയന്റെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് ശ്രമദാനത്തിലൂടെ വഴിയുടെ പണികൾ പൂർത്തിയാക്കി. കഴിഞ്ഞ 35 വർഷമായി വിലങ്ങന്നൂർ എസ്എൻഡിപിക്കു മുന്നിൽ റോഡരികിൽ ചെറിയ ചായക്കട നടത്തിവരുകയാണ് ജോസ്. 9 വർഷം മുമ്പ് വെരിക്കോസ് വെയ്‌നിന്റെ ശസ്ത്രക്രിയയെ തുടർന്ന് നടക്കാൻ കഴിയാതെ ഇപ്പോൾ വീട്ടിൽ ഇരിപ്പാണ്. ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ ഇത്രയും ചെയ്യാൻ കഴിഞ്ഞതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് ജോസും ഭാര്യ മേരിയും പറഞ്ഞു. ഒരു തുണ്ട് ഭൂമിക്കു വേണ്ടി സഹോദരങ്ങൾ പോലും പരസ്പരം പോരടിക്കുന്ന ഈ കാലഘട്ടത്തിൽ വിലപ്പിടിപ്പുള്ള സ്വന്തം ഭൂമി വിട്ടു നൽകി നാടിനു മുഴുവൻ മാതൃകയാവുകയാണ് ജോസും കുടുംബവുമെന്ന് വാർഡ് മെമ്പർ ഷൈജു കുരിയൻ പറഞ്ഞു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രനും ജോസിനെ വീട്ടിലെത്തി കണ്ട് അഭിനന്ദനമറിയിച്ചു. വാർഡ് മെമ്പർക്കൊപ്പം എ.ജെ അജി, സുബി, ബിജു, ഒ.എസ് മണികണ്ഠൻ, കണ്ണൻ എന്നിവരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി
0 Comments