കണ്ണാറയിലെ അപകടം - പ്രതിഷേധം ശക്തമാകുന്നു ; പരിക്കേറ്റവരുടെ ശസ്ത്രക്രിയ പൂർത്തിയായി

അപകടത്തിനിടയാക്കിയ കാറിൽ ഉണ്ടായിരുന്നവരെ പോലീസ് കസ്റ്റഡിൽ എടുത്തപ്പോൾ

പട്ടിക്കാട്. കണ്ണാറയിൽ ഇന്നലെ രാത്രിയിൽ അമിത വേഗതയിൽ വന്ന കാർ ഇടിച്ച് ഉണ്ടായ അപകടവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രതിഷേധം ശക്തമാവുകയാണ്. മദ്യപിച്ച് വാഹനമോടിച്ച് ഗുരുതരമായ അപകടം വരുത്തിവെച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പോലീസിനെതിരെ വ്യാപകമായ ആക്ഷേപങ്ങൾ വിവാദമാകുന്ന  അവസരത്തിലാണ് ഒരു പോലീസുകാരൻ കൂടി ഉൾപ്പെട്ട സംഭവം ഉണ്ടായത്. ഇതോടെ ടെലിവിഷൻ ചാനലുകളുൾപ്പെടെയുള്ള മാധ്യമങ്ങൾ വിഷയം വലിയ ചർച്ചയാക്കിയിട്ടുണ്ട്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അമിത വേഗതയിൽ വന്ന കാർ ബൈക്കിൽ ഇടിച്ച് പാണഞ്ചേരി സ്വദേശികളായ 



തെക്കത്തുവളപ്പിൽ ലിജിത്തിനും ഭാര്യ കാവ്യയ്ക്കും ഗുരുതരമായ പരിക്കേറ്റത്. ഇരുവരുടെയും വലതു കാലുകൾ പൂർണ്ണമായും തകർന്നു. നാട്ടുകാർ ചേർന്ന് മുളങ്കുന്നത്തുകാവ് ഗവ മെഡിക്കൽ കോളേജിൽ എത്തിച്ചു.  ഇന്ന്  ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് ഇവരുടെ കാലിന്റെ ശസ്ത്രക്രിയകൾ പൂർത്തിയായത്.  

ലിജിത്തും കാവ്യയും വിലങ്ങന്നൂരിലേക്ക് പോവുകയായിരുന്നു. കണ്ണാറ കയറ്റത്തുവെച്ചാണ് അപകടമുണ്ടായത്‌. പീച്ചിയിൽ നിന്നു വരികയായിരുന്ന കാർ അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഇടിച്ചതിനു ശേഷം നിർത്താതെ പോയ കാർ നാട്ടുകാർ തടഞ്ഞു. നാലു പേരാണ് കാറിലുണ്ടായിരുന്നത്. ഇവർ മദ്യലഹരിയിലായിരുന്നുവെന്നും ഒരാൾ കാറിൽ നിന്നും ഇറങ്ങി ഓടിപ്പോയതായും നാട്ടുകാർ പറഞ്ഞു. അപകടം നടന്നിട്ടും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കാതെ കടന്നുകളയാൻ ശ്രമിച്ചതിനെ തുടർന്ന് നാട്ടുകാർ ഇവർക്കെതിരെ രോഷാകുലരായി. വിവരമറിഞ്ഞ് പീച്ചി പോലീസ് സ്ഥലത്തെത്തി. പീച്ചി സിഐ എസ് ഷുക്കൂറിന്റെ നേതൃത്വത്തിൽ  മൂന്നു പേരെയും കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശിയായ മലപ്പുറം പോലീസ് ക്യാമ്പിലെ എഎസ്‌ഐ പ്രശാന്ത് ആണ് കാർ ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷം  ജാമ്യത്തിൽ വിട്ടു.

Post a Comment

0 Comments