വിലങ്ങന്നൂർ. കൊവിഡ് വ്യാപനം രൂക്ഷമായതോടെ പ്രതിസന്ധിയിലകപ്പെട്ടവർക്ക് കൈത്താങ്ങായി വിലങ്ങന്നൂർ വാർഡ് മെമ്പറും സുഹൃത്തുക്കളും വീണ്ടും രംഗത്തിറങ്ങി. പീച്ചി അൽവേർണിയ ആശ്രമത്തിലെ റീഹാബിലിറ്റേഷൻ സെന്ററിലെ അന്തേവാസികളും അധികൃതരുമാണ് കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ദുരിതത്തിലായത്. ഇവർക്കുവേണ്ട ഭക്ഷ്യ വസ്തുക്കളും മരുന്നും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ വാർഡ് മെമ്പർ ഷൈജു കുര്യനും സുഹൃത്തുക്കളും ചേർന്ന് വാങ്ങി എത്തിച്ചു നൽകുകയായിരുന്നു. സുമനസ്സുകൾ നൽകിയ സഹായം കൊണ്ടാണ് ആശ്രമത്തിലേക്കു വേണ്ട സാധനങ്ങൾ സമാഹരിച്ചത്. ശാരീരികവും മാനസികവുമായ വൈകല്യമനുഭവിക്കുന്നവരും വാർധക്യ
സഹജമായ അസുഖങ്ങളാൽ നിരാശ്രയരായവരും ഉപേക്ഷിക്കപ്പെട്ടവരുമൊക്കെയാണ് അൽവേർണിയ ആശ്രമത്തിൽ കഴിയുന്നത്. ഇവരെ ശുശ്രൂഷിക്കാൻ അൽവേർണിയ റീഹാബിലിറ്റേഷൻ സെന്റർ മാനേജർ ബ്രദർ ജോൺസനൊപ്പം ബ്രദർ ചാൾസ്, മാത്യു എന്നിവരാണ് ആശ്രമത്തിലുള്ളത്. മലബാർ മിഷണറി ബ്രദേഴ്‌സിന്റെ നേതൃത്വത്തിലാണ് റീഹാബിലിറ്റേഷൻ സെന്റർ പ്രവർത്തിക്കുന്നത്. കൊവിഡ് മഹാമാരിയെ ചെറുക്കുന്നതിനൊപ്പം അർഹിക്കുന്നവർക്ക് ചെറിയ സഹായമെങ്കിലും എത്തിക്കാൻ നടത്തുന്ന പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാകണമെന്ന് ഷൈജു കുരിയൻ അഭ്യർത്ഥിച്ചു. വാർഡ് മെമ്പർക്കൊപ്പം, കെ.വി ബിനു, ജിനീഷ് മാത്യു, ദീപക് വെള്ളക്കാരിത്തടം എന്നിവരും പ്രവർത്തനങ്ങളിൽ പങ്കാളികളായി. പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ വാർഡുകളിലൊന്നാണ് വിലങ്ങന്നൂർ.
0 Comments