തൃശൂർ. സദാചാര ഗുണ്ടകളുടെ ക്രൂരമർദനത്തിൽ ചേതന കോളേജിലെ ബിരുദ വിദ്യാർത്ഥി അമലിന് പരിക്കേറ്റു. ഇന്നലെ വൈകീട്ടാണ് ആക്രമണം ഉണ്ടായത്. ഇന്ന് വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് വാർത്ത പുറംലോകം അറിഞ്ഞത്. സഹപാഠിയായ വിദ്യാർത്ഥിനി ബൈക്കിൽ നിന്നും വീണതുമായി ബന്ധപ്പെട്ടാണ് മർദനമേറ്റത്. ഇരുവരും ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയപ്പോഴാണ് സംഭവം. ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ വിദ്യാർത്ഥിനിയെ സഹായിക്കാതെ പ്രദേശത്തുണ്ടായിരുന്നവർ തന്നെ മർദിക്കുകയായിരുന്നു എന്ന് അമൽ പറഞ്ഞു. അമൽ ധരിച്ച വസ്ത്രത്തിന്റെ പേരിലും മർദനമുണ്ടായതായും കല്ലുകൊണ്ട് തലക്ക് അടിച്ചതായും പറയുന്നു. തലയ്ക്കടിച്ച കൊടകര സ്വദേശി ഡേവിസിനെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പരാതിയിൽ ഒല്ലൂർ പോലീസ് കേസെടുത്ത് തുടർനടപടികൾ ആരംഭിച്ചു. നാട്ടുകാരെ മർദിച്ചെന്ന പരാതിയിൽ അമലിന് എതിരെയും പോലീസ് കേസെടുത്തു. അമൽ നാട്ടുകാരെ മർദിക്കുന്ന ദൃശ്യങ്ങളും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.
0 Comments