പട്ടിക്കാട്. പീച്ചി റോഡ് ജങ്ഷനിൽ സർവ്വീസ് റോഡിലൂടെ വരുന്ന വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനായി ഹമ്പുകൾ സ്ഥാപിച്ചതിൽ അപാകതയെന്ന് ആക്ഷേപം ഉയരുന്നു. ഇരു ഭാഗത്തും അടിപ്പാതയുടെ കവാടത്തിൽ നിന്ന് സാധാരണയിൽ കവിഞ്ഞ ദൂരത്തിലാണ് ഹമ്പുകൾ ഇട്ടിട്ടുള്ളത്. ഇത് മൂലം അടിപ്പാതയ്ക്കു സമീപം എത്തുമ്പോഴേയ്ക്കും സർവ്വീസ് റോഡിലൂടെ വരുന്ന വാഹനങ്ങൾക്ക് വീണ്ടും വേഗത വർധിക്കുകയാണ്. ഈ ഹമ്പുകൾ കൊണ്ട് വാഹനങ്ങളുടെ വേഗത കാര്യമായി നിയന്ത്രിക്കാൻ കഴിയുന്നില്ല. അതിനാൽ ഇരുഭാഗത്തു നിന്നും സർവ്വീസ് റോഡ് കുറുകെ കടന്ന് അടിപ്പാതയിലൂടെ
പോകേണ്ട വാഹനങ്ങൾക്കും കാൽനടക്കാർക്കും അപകട സാധ്യത വർധിക്കുകയാണ്.
ഏറെ നേരം കാത്തു നിന്നെങ്കിൽ മാത്രമേ റോഡ് കുറുകെ കടക്കാനാകൂ. റോഡിലൂടെയുള്ള വാഹന സാന്ദ്രതയും ശരാശരി വേഗവും കുറുകെ കടന്നുപോകുന്ന റോഡിന്റെ പ്രാധാന്യവും കണക്കിലെടുത്തു വേണം ഹമ്പുകൾ സ്ഥാപിക്കാൻ എന്നാണ് വ്യവസ്ഥ. ഹൈവേ ജങ്ഷനിലെ അടിപ്പാതകൾക്കു സമീപമുള്ള സർവ്വീസ് റോഡിലെ ഹമ്പുകൾക്ക് ഇത്തരത്തിൽ അപാകതയില്ല. വളരെയേറെ വാഹനത്തിരക്കുള്ള പീച്ചി ഡാം റോഡ് കടന്നുപോകുന്ന സർവ്വീസ് റോഡുകളിലെ ഹമ്പുകൾക്കാണ് അപാകതയുള്ളത്.
0 Comments