പട്ടിക്കാട്. പീച്ചി ശുദ്ധജലവിതരണ പദ്ധതിയായ ജലനിധി വീണ്ടും വിവാദങ്ങളിൽ നിറയുകയാണ്. പീച്ചി എസ്എൽഇസിക്ക് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തെങ്കിലും ഇതു വരെയും അവർ ചുമതലയേൽക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. പുതിയ ഭാരവാഹികൾ ജലനിധിയുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളിലും ഇതുവരെയും തിരിഞ്ഞു നോക്കിയിട്ടില്ലെന്ന പരാതിയാണ് പഴയ ഭരണസമിതിക്കുള്ളത്. എന്നാൽ സാമ്പത്തിക കാര്യങ്ങളിൽ ആക്ഷേപങ്ങൾ നിലനിൽക്കുന്നതിനാൽ കഴിഞ്ഞ ഭരണസമിതിക്കാലത്തെ കണക്കുകൾ പൂർണ്ണമായും ഓഡിറ്റ ചെയ്ത് സമർപ്പിക്കാതെ തങ്ങൾക്ക്
ചുമതലയേൽക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പുതിയ ഭരണസമിതി. ഫലത്തിൽ ഈ തർക്കത്തിന്റെ ഇരകളാവുകയാണ് ജലനിധി ഗുണഭോക്താക്കൾ. മിക്കയിടത്തും ജലനിധിയുടെ പ്രവർത്തനങ്ങൾ അവതാളത്തിലാണെന്ന പരാതി വ്യാപകമായി ഉയർന്നു കഴിഞ്ഞു. പൈപ്പുകൾ പൊട്ടിയത് അടയ്ക്കുന്നില്ല. അതുകൊണ്ട് കുടിവെള്ള വിതരണം നടക്കുന്നുമില്ല. കടുത്ത ജലക്ഷാമം അനുഭവപ്പെടാൻ തുടങ്ങിയതോടെ ആയിരക്കണക്കിന് ജനങ്ങളാണ് കുടിവെള്ള പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. ഒരു പദ്ധതിയെ വിശ്വസിച്ച് അതിനെ ആശ്രയിച്ച ജനങ്ങളുടെ പ്രശ്‌നങ്ങളാണിത്. പഞ്ചായത്ത് പ്രത്യേക താൽപര്യം എടുത്ത് ഇക്കാര്യത്തിൽ പിഹാരം കാണുമെന്ന പ്രതീക്ഷ ജനങ്ങൾക്കുണ്ടായിരുന്നു. ജലനിധി എന്ന സംവിധാനത്തെ കുറ്റമറ്റതായി നടത്തിക്കൊണ്ടുപോകേണ്ടത് അടിയന്തര പ്രാധാന്യമുള്ള കാര്യമാണ്. ആരുടെ ഭാഗത്തുനിന്നാണെങ്കിലും അതിനുള്ള നടപടികൾ ഉടനുണ്ടാകണം എന്നതാണ് പൊതുജനങ്ങളുടെ ആവശ്യം.
0 Comments