കുട്ടികൾക്ക് പഞ്ചായത്ത് വൈസ്പ്രസിഡണ്ട് സാവിത്രി സദാനന്ദൻ ഉപഹാരങ്ങൾ സമ്മാനിക്കുന്നു
വിലങ്ങന്നൂർ. കൊവിഡ് പ്രതിസന്ധി രൂക്ഷമായ കാലത്ത് മിക്ക കുടുംബങ്ങളും കടുത്ത പട്ടിണിയിലേക്കു നീങ്ങുമ്പോൾ തങ്ങൾ കൂട്ടിവെച്ച കൊച്ചു സമ്പാദ്യങ്ങളെല്ലാം കൊവിഡ് പ്രവർത്തനങ്ങൾക്കായി ദാനം ചെയ്ത കുട്ടികളെ വിലങ്ങന്നൂർ ഗ്രാമസഭ ആദരിച്ചു. കാരയ്ക്കൽ കുടുംബത്തിലെ ലിനറ്റ്, ഫെലിക്‌സ്, ക്ലയർ, എയ്ഞ്ചല, ജെറാൾഡ്, കിഴക്കേടത്ത് വീട്ടിൽ ഷാൽബിൻ കെ ബിജു, ഷിബിൻ കെ.ബിജു, സിബിൽ കെ സണ്ണി, കിണറ്റിൻകര കാലായിൽ കുടുംബത്തിലെ അയോണ ബ്ലസൺ, ലിയോണ ബ്ലസൺ എന്നീ കുട്ടികളാണ് പലപ്പോഴായി സ്വരൂപിച്ച സമ്പാദ്യവും കുടുക്ക പൊട്ടിച്ച കാശുമൊക്കെയായി വാർഡ് മെമ്പർ ഷൈജു കുരിയനെ സമീപിച്ചത്. ലോക്ക്ഡൗണിൽ കടുത്ത പ്രതിസന്ധിയിലായ കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള സാഹായങ്ങൾ എത്തിക്കുന്നതിനുള്ള നെട്ടോട്ടത്തിലായിരുന്നു വാർഡ് മെമ്പർ ഷൈജു കുരിയനും ആർആർടി അംഗങ്ങളും. വലിയ സാമ്പത്തികപ്രതിസന്ധിയിലേക്ക് നീങ്ങിയ ആ സമയത്താണ് കരുതലിന്റെ കരങ്ങളുമായി കുരുന്നുകൾ എത്തിയത്. കുട്ടികൾ സൃഷ്ടിച്ച ഈ മാതൃക പിന്നീട് പലർക്കും ഒരു പ്രചോദനമായി മാറിയെന്ന് ഷൈജു കുരിയൻ പറഞ്ഞു. ലോക്ഡൗൺ കാലഘട്ടത്തിൽ ജനങ്ങൾക്ക് ആവശ്യമായ മരുന്ന്, പലചരക്ക്, പച്ചക്കറി തുടങ്ങിയവ നൽകുന്നതിന് വാർഡ് മെമ്പർക്കൊപ്പം പ്രവർത്തിച്ച ആർആർടി അംഗങ്ങളെയും ആശവർക്കറേയും ഗ്രാമസഭ ഉപഹാരം നൽകി ആദരിച്ചു. പഞ്ചായത്ത് വൈസ്പ്രസിഡണ്ട് സാവിത്രി സദാനന്ദൻ ഉപഹാരങ്ങൾ സമ്മാനിച്ചു.
0 Comments