പട്ടിക്കാട്. രാവിലെ തിരക്കേറിയ സമയത്ത് അപ്രതീക്ഷിതമായി ഗതാഗതനിയന്ത്രണം നടപ്പിലാക്കിയതിനെ തുടർന്ന് പീച്ചിറോഡ് ജങ്ഷനിലെ ഗതാഗതക്കുരുക്കിൽ പെട്ട് വിദ്യാർത്ഥികളുൾപ്പെടെ യാത്രക്കാർ വലഞ്ഞു. പീച്ചിറോഡ് ജങ്ഷനിൽ സർവ്വീസ് റോഡിന്റെ ടാറിംഗിനെ തുടർന്നാണ് വലിയ ഗതാഗതക്കുരുക്കുണ്ടായത്. ഇന്ന് രാവിലെയാണ് അപ്രതീക്ഷിത ഗതാഗത നിയന്ത്രണം നടപ്പാക്കിയത്. പാലക്കാട് ഭാഗത്തേക്കുള്ള സർവ്വീസ് റോഡിലൂടെ ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങളെ കടത്തി വിട്ടതാണ് ഗതാഗതക്കുരുക്കിന് കാരണമായത്. സ്‌കൂളുകളിലേക്കും
ഓഫീസുകളിലേക്കും മറ്റു ജോലികൾക്കുമായി ജനങ്ങൾ പോകുന്ന സമയത്തു തന്നെ നടപ്പാക്കിയ നിയന്ത്രണത്തിൽ കല്ലിടുക്ക് മുതൽ ചെമ്പൂത്ര വരെ വാഹനങ്ങളുടെ നിര നീണ്ടു. സർവ്വീസ് റോഡിന്റെ ടാറിംഗ് പ്രദേശത്തെ ജനങ്ങളുടെയും വാഹന യാത്രക്കാരുടെയും ആവശ്യമാണെങ്കിലും തിരക്കുള്ള സമയങ്ങളിൽ ഇത്തരം ഗതാഗത നിയന്ത്രണങ്ങൾ നടപ്പാക്കുന്നതാണ് യാത്രക്കാരെ വലക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. കൂടാതെ പീച്ചിറോഡ് ജങ്ഷനിലും ഹൈവേ ജങ്ഷനിലും അടിപ്പാതകൾക്ക് സമീപം സർവ്വീസ് റോഡിൽ ഹമ്പുകൾ സ്ഥാപിക്കാത്തത് വലിയ അപകടങ്ങൾക്ക് വഴിയൊരുക്കും എന്ന പരാതിയുമുണ്ട്.
0 Comments