വള്ളിമാലിൽ ദേവസിയുടെ പറമ്പിലെ തേങ്ങകൾ മലയണ്ണാൻ നശിപ്പിച്ച നിലയിൽ
കണ്ണാറ. പാണഞ്ചേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മലയണ്ണാന്റെ ശല്യം രൂക്ഷമായതോടെ കേരകർഷകർ ദുരിതത്തിലായി. കണ്ണാറ ഒരപ്പൻപാറ മേഖലകളിലുള്ള കർഷകരാണ് മലയണ്ണാന്റെ ശല്യത്തിൽ പൊറുതിമുട്ടിയവരിൽ ഏറെയും. ദിവസേന നൂറുകണക്കിന് തേങ്ങയാണ് പ്രദേശത്ത് ഇവ നശിപ്പിക്കുന്നത്. തേങ്ങയുടെ ഒരു ഭാഗത്ത് ദ്വാരം ഉണ്ടാക്കി, ഭക്ഷണശേഷം തെങ്ങിന്റെ കുലയിൽ തന്നെ ഉപേക്ഷിച്ച് പോവുകയാണ് പതിവ്. അതിനാൽ തന്നെ തേങ്ങയിടാൻ മുകളിൽ കയറുമ്പോൾ മാത്രമാണ് ഇതിന്റെ ഭീകരത മനസിലാകുന്നതും. തേങ്ങ മാത്രമല്ല ജാതി കായ്കളും നിശിപ്പിക്കുന്നതായി കർഷകർ പറഞ്ഞു. ജാതി കൃഷിയിൽ ഏറ്റവും വില ലഭിക്കുന്ന ജാതി പത്രിയാണ് ഇവ ഭക്ഷണമാക്കാറുള്ളത്. ഇതാണ് കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതെന്ന് പ്രദേശത്തെ കർഷകനായ വള്ളിമാലിൽ ദേവസി പറഞ്ഞു. വനംവുകുപ്പ് ഉദ്യോഗസ്ഥരോ ബന്ധപ്പെട്ട അധികാരികളോ ഇതിന് പരിഹാരമുണ്ടാക്കണമെന്ന് പ്രദേശത്തെ കർഷകർ ആവശ്യപ്പെട്ടു.
0 Comments