പഞ്ചായത്തിൽ കൊവിഡ് വ്യാപനം രൂക്ഷം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പ്രസിഡണ്ട്


പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിൽ കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിനം കൂടി വരുന്ന സാഹചര്യത്തിൽ ജനങ്ങൾ ബോധവൽക്കരണത്തിനും സ്വയം നിയന്ത്രണത്തിനും തയ്യാറാകണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ അഭ്യർത്ഥിച്ചു. രോഗികളുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും മരണ നിരക്ക് ഉയരാത്തതിനാൽ ജനങ്ങൾ വേണ്ടത്ര ജാഗ്രത പാലിക്കാത്ത അവസ്ഥയുണ്ടെന്നും ഇത് അപകടകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങുന്നില്ലെങ്കിലും ബോധവൽക്കരണവും സ്വയംനിയന്ത്രണവും അനിവാര്യമാണ്. പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി എന്നിവരുൾപ്പെടെ എട്ടോളം ജീവനക്കാർ കൊവിഡ് ബാധിതരായതിനെ തുടർന്ന് പഞ്ചായത്ത് ഓഫീസിന്റെ പ്രവർത്തനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഫ്രണ്ട് ഓഫീസിന്റെ സേവനങ്ങളും തൽക്കാലത്തേയ്ക്ക് നിർത്തിവെച്ചിരിക്കുകയാണ്. അപേക്ഷകളോ പരാതികളോ ഉണ്ടെങ്കിൽ പഞ്ചായത്തിൽ അതിനായി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന പെട്ടികളിൽ നിക്ഷേപിക്കാം. അത്യാവശ്യം ജീവനക്കാർ മാത്രമായി പഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുന്നുണ്ടെങ്കിലും പൊതു ജനങ്ങൾക്ക് ഓഫീസിനകത്തേക്ക് പ്രവേശനമുണ്ടാകില്ല. ഏതാനും ദിവസത്തേക്കുകൂടി ഓഫീസിന്റെ പ്രവർത്തനങ്ങളിൽ നിയന്ത്രണമുണ്ടാകും. എന്നാൽ ഫ്രണ്ട് ഓഫീസിന്റെ പ്രവർത്തനങ്ങൾ മൂന്നു ദിവസത്തിനു ശേഷം പുനരാരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസിഡണ്ട് പറഞ്ഞു.


Post a Comment

0 Comments