പഴനിയിൽ വെച്ച് കാണാതായ വയോധികനെ കണ്ടെത്തി : വീട്ടിലെത്തിക്കാൻ വഴിയൊരുക്കി ഷൈജു കുരിയൻ

മോഹൻപിള്ള, അദ്ദേഹത്തിന്റെ മകൻ, മരുമകൻ, വാർഡ്‌മെമ്പർ ഷൈജു കുരിയൻ, കെ.വി ബിനു എന്നിവർ പീച്ചി പോലീസ് സ്റ്റേഷനിൽ

വിലങ്ങന്നൂർ. ഒന്നര മാസം മുമ്പ്  പഴനിയിൽ വെച്ച് കാണാതായ വയോധികനെ  വിലങ്ങന്നൂരിൽ വെച്ച് കണ്ടെത്തി. വാർഡ് മെമ്പർ ഷൈജു കുരിയന്റെ  നേതൃത്വത്തിൽ പീച്ചി പോലീസിന്റെ സഹായത്തോടെ വീട്ടിൽ എത്തിച്ചു. കൊല്ലം അഞ്ചാലും മൂട് സ്വദേശിയായ ആണൂലിൽ വീട്ടിൽ മോഹനൻ പിള്ളയ്ക്ക്  ആണ് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയനും പൊതു പ്രവർത്തകനായ കെ.വി ബിനുവും ചേർന്ന് പോലീസിന്റെ സഹായത്തോടെ തിരികെ വീട്ടിലെത്താൻ വഴിയൊരുക്കിയത്. കഴിഞ്ഞ നവംബർ 15നാണ് കുടുംബത്തോടൊപ്പം നടത്തിയ തീർത്ഥയാത്രയ്ക്കിടെ പഴനിയിൽ വെച്ച് മേഹനൻ പിള്ളയെ കാണാതാകുന്നത്. തുടർന്ന് കുടുംബം പഴനി പോലീസിൽ പരാതി നൽകി.  66 വയസ്സുള്ള ഇദ്ദേഹത്തിന് ചെറിയ തോതിൽ 

മറവിരോഗം ഉള്ളതിനാൽ അദ്ദേഹത്തിന് വഴി തെറ്റിയതാകാം എന്ന് കരുതുന്നു. ഇന്നലെ രാത്രി ഏഴരയോടെ വിലങ്ങന്നൂരിൽ എസ്എൻഡിപിക്കു സമീപമുള്ള ബസ് സ്റ്റോപ്പിൽ അപരിചിതനായ വയോധികനെ കണ്ട കാര്യം നാട്ടുകാർ വാർഡുമെമ്പർ ഷൈജു കുരിയനെ അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ ഷൈജുവും ബിനുവും ചേർന്ന് ഇദ്ദേഹത്തോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് ഒന്നര മാസം മുമ്പ് പഴനിയിൽ വെച്ചു കാണാതായ മോഹനൻപിള്ളയാണ് ആൾ എന്ന കാര്യം മനസ്സിലായത്. ഉടൻ തന്നെ നാട്ടിലുള്ള ബന്ധുക്കളെ വിവരമറിയിച്ചു. അഞ്ചാലുംമൂട് പോലീസിന്റെ നിർദ്ദേശപ്രകാരം മോഹനൻപിള്ളയെ പീച്ചി സ്റ്റേഷനിൽ എത്തിച്ചു. കൊല്ലത്തുനിന്നും ഇന്നു പുലർച്ചെ 4 മണിയോടെ മോഹനൻ പിള്ളയുടെ ബന്ധുക്കൾ എത്തിച്ചേരുന്നതു വരെ ഷൈജുകുരിയനും ബിനുവും പൊലീസ് സ്റ്റേഷനിൽ മോഹനൻ പിള്ളയ്ക്ക് തുണയായി  ഒപ്പം ഉണ്ടായിരുന്നു. ഒടുവിൽ ബന്ധുക്കളെത്തി പോലീസിന്റെ സാന്നിധ്യത്തിൽ മോഹനൻ പിള്ളയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത്തരത്തിൽ കാണാതാവുകയോ വീടുവിട്ട് ഇറങ്ങുപ്പോവുകയോ ചെയ്ത് വിലങ്ങന്നൂരിൽ എത്തിയ നാലു പേരെയാണ്  വീട്ടിൽ തിരികെ എത്തിക്കാൻ  ഷൈജുകുരിയന് കഴിഞ്ഞിട്ടുള്ളത്.



Post a Comment

0 Comments