വഴുക്കുംപാറ. കുതിരാനിലെ രണ്ടാം തുരങ്കവും ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെ ജില്ല കളക്ടർ ഹരിത വി കുമാർ, ജില്ല പോലീസ് മേധാവി ആർ ആദിത്യ എന്നിവരുടെ സിന്നിധ്യത്തിലായിരുന്നു തുരങ്കത്തിലൂടെ വാഹനങ്ങൾ കടത്തിവിട്ടത്. ദേശീയ പാത അതോറിറ്റി പ്രതിനിധികൾ, കരാർ കമ്പനി അധികതർ, ഫയർ ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥർ എന്നിവരും ഉണ്ടായിരുന്നു. തുരങ്കം ഗതാഗതത്തിന് തുറന്നു നൽകുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പരിപാടികളൊന്നും ഇല്ലായിരുന്നു. തുരങ്കത്തിന്റെ പണികളെല്ലാം പൂർത്തിയായെന്നും ഗതാഗതത്തിന് സജ്ജമാണെന്നും വിശദീകരിച്ച് ദേശീയ പാത പ്രൊജക്ട് ഡയറക്ടർ ഇന്നലെ ജില്ല കളക്ടർക്ക് കത്ത് നൽകിയിരുന്നു.
ഏതു സമയവും തുരങ്കം തുറന്നു നൽകാനുള്ള നിർദ്ദേശം എത്തും എന്ന പ്രതീക്ഷയിലായിരുന്നു കരാർ കമ്പനി അധികൃതർ. ഒന്നാം തുരങ്കത്തിലൂടെയാണ് ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങൾ കടത്തി വിട്ടു കൊണ്ടിരുന്നത്. ഇതിലൂടെ രണ്ടു വരിയായാണ് ഗതാഗതം നിയന്ത്രിച്ചിരിക്കുന്നത്. അതുകൊണ്ട് വളരെ സാവധാനത്തിൽ മാത്രമേ വാഹനങ്ങൾക്ക് പോകാൻ കഴിയുമായിരുന്നുള്ളൂ. ഇത് ഗതാഗതക്കുരുക്കിനും ഇടയാക്കിയിരുന്നു. എന്നാൽ രണ്ടാം തുരങ്കത്തിലൂടെ ഗതാഗതം അനുവദിച്ചതോടെ ഈ പ്രതിസന്ധിക്ക് പരിഹാരമാവുകയാണ്. മാർച്ച് അവസാനത്തോടെ രണ്ടാം തുരങ്കവും തുറന്നു നൽകുമെന്നായിരുന്നു സംസ്ഥാന പൊതുമരാമത്തു വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചിരുന്നത്. പ ണികൾ പൂർത്തികരിച്ചതിനാൽ അതിനു മുമ്പ് തന്നെ തുരങ്കം തുറന്നുകൊടുക്കാനാണ് ദേശീയപാതാ അതോറിറ്റിക്ക് കേന്ദ്രത്തിൽ നിന്നും ലഭിച്ച നിർദ്ദേശമെന്നാണ് അറിയുന്നത്. പീച്ചി സി ഐ എസ് ഷുക്കൂറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തുരങ്കത്തിലൂടെ വാഹനങ്ങൾ കടത്തിവിടുന്നതുമായി ബന്ധപെട്ട നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി. ദേശീയ പാതയുടെ പണികൾ തൊണ്ണൂറ്റി എട്ട് ശതമാനത്തോളം പൂർത്തീകരിച്ചതിനാൽ ടോൾ പിരിവ് വൈകാതെ ആരംഭിക്കുമെന്നാണ് കരാർ കമ്പനി അധികൃതർ നൽകുന്ന സൂചന.
0 Comments