പത്മശ്രീ ഡോ. ശോശാമ്മ ഐപ്പിനെ പാണഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ആദരിച്ചു


മണ്ണുത്തി. പത്മശ്രീ പുരസ്‌ക്കാരം നേടിയ ഡോ. ശോശാമ്മ ഐപ്പിനെ പാണഞ്ചേരി ഗ്രാമപഞ്ചായത്തിന് വേണ്ടി  പ്രസിഡണ്ട് പി.പി രവീന്ദ്രൻ അവരുടെ വസതിയിലെത്തി ആദരിച്ചു. അന്യം നിന്നു പോകുമായിരുന്ന അപൂർവ്വ ഇനം വെച്ചൂർ പശുക്കളുടെ സംരക്ഷണത്തിനായി ജീവിതം നീക്കി വെച്ച ഡോ. ശോശാമ്മ ഐപ്പിനെ പരിചയപ്പെടാനിടയായ സാഹചര്യങ്ങളെക്കുറിച്ചും അവരുമായുണ്ടായ സൗഹൃദത്തെ കുറിച്ചും പ്രസിഡണ്ട് സംസാരിച്ചു. വെറ്റിറനറി കോളേജിൽ വെച്ചൂർ പശുക്കളുടെ പ്രജനനവും സംരക്ഷണവുമായി ബന്ധപ്പെട്ട പ്രൊജക്ടിന്റെ മേധാവിയായി അവർ പ്രവർത്തിക്കുന്ന കാലത്താണ്  അക്കാലത്ത് മണ്ണുത്തി പോലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടറായിരുന്ന പി.പി രവീന്ദ്രൻ അവരുമായി പരിചയപ്പെടുന്നത്. ഒരു ദിവസം  പ്രൊജക്ടിന്റെ ഭാഗമായി സംരക്ഷിച്ചിരുന്ന  ഏതാനും വെച്ചൂർ പശുക്കളെ ചത്ത നിലയിൽ കണ്ടെത്തി. അട്ടിമറിയെന്ന് സംശയിക്കപ്പെട്ട സംഭവം അന്ന് വലിയ വിവാദമായിരുന്നു. ആ കേസിന്റെ അന്വേഷണം നടത്തിയത് സബ് ഇൻസ്‌പെക്ടറായിരുന്ന പി.പി രവീന്ദ്രനായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഡോ. ശോശാമ്മ ഐപ്പുമായി പല തവണ സംസാരിക്കാൻ തനിക്ക് അവസരമുണ്ടായിട്ടുണ്ടെന്നും സ്വന്തം മക്കളെ പോലെ കരുതിയിരുന്ന പശുക്കൾ നഷ്ടപ്പെട്ടതിനെ തുടർന്ന് അവർ അതീവ ദുഃഖിതയായരുന്നുവെന്നും പ്രസിഡണ്ട് അനുസ്മരിച്ചു. ഡോക്ടറുടെ ശോശാമ്മ ഐപ്പിന്റെ ആത്മാർത്ഥമായ പരിശ്രമങ്ങൾക്കും ദീർഘവീക്ഷണത്തിനുമുള്ള അംഗീകാരമായാണ് രാജ്യം പത്മശ്രീ പുരസ്‌ക്കാരം നൽകി അവരെ ആദരിച്ചതെന്ന് പി.പി രവീന്ദ്രൻ പറഞ്ഞു. പഞ്ചായത്ത് വൈസ്പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, പഞ്ചായത്തംഗങ്ങളായ സ്വപ്‌ന രാധാകൃഷ്ണൻ, ആരിഫ റാഫി എന്നിവരും പ്രസഡണ്ടിന് ഒപ്പമുണ്ടായിരുന്നു. 


Post a Comment

0 Comments