പട്ടിക്കാട്. പീച്ചി ഡാമിൽ നിന്ന് തൃശൂരിലേക്ക് ഉണ്ടായിരുന്ന കെ.എസ് ആർടിസി ബസ് സർവ്വീസ് പുനരാരംഭിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാവുകയാണ്. പീച്ചിയിൽ നിന്ന് കണ്ണാറ മാരായ്ക്കൽ വഴി തൃശൂരിലേക്കും മുടിക്കോട് ചിറക്കാക്കോട് വഴി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലേക്കുമായി രണ്ട് ബസുകൾ സർവ്വീസ് നടത്തിയിരുന്നു. കളക്ഷൻ കുറവാണെന്ന കാരണം പറഞ്ഞ് ഈ സർവ്വീസുകളും അധികൃതർ നിർത്തലാക്കി. തുടർ ചികിത്സയക്കും, മറ്റ് പരിശോധനകൾക്കും ഡയാലിസിസിനുമൊക്കെയായി തൃശൂർ ജില്ല ആശുപത്രിയിലേക്കും മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലേക്കും സ്ഥിരമായി പോകുന്നവർക്കും മറ്റ് ജോലികൾക്കായി പോകുന്നവർക്കും ഈ സർവ്വീസുകൾ ഒരു അനുഗ്രഹമായിരുന്നു. ലോ ഫ്‌ലോർ എസി ബസുൾപ്പെടെ ആറ് കെ.എസ്ആർടിസി സർവ്വീസുകളാണ് ഒറ്റയടിക്ക് പീച്ചിയിലേക്ക് വന്നത്. എന്നാൽ അവയൊന്നും ഒരുമാസം പോലും തികച്ചില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ തിരക്കൊഴിവാക്കി ജനങ്ങൾക്ക് യാത്ര ചെയ്യാൻ അടിയന്തരമായി രണ്ടു കെഎസ്ആർടിസി സർവ്വീസുകളെങ്കിലും പീച്ചിയിൽ നിന്ന് ആരംഭിക്കണം. അവ കൃത്യമായി സർവ്വീസ് നടത്തുകയും വേണം. ഇതിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗതാഗതവകുപ്പു മന്ത്രിക്ക് നിവേദനം നൽകണം. റവന്യൂ മന്ത്രി കെ. രാജനും ഇക്കാര്യത്തിൽ പ്രത്യേക ഇടപെടൽ നടത്തണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.
0 Comments