പട്ടിക്കാട്. ഇതുവരെയും പ്രൊവിഷണൽ കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ ദേശീയപാതയിൽ കരാർ കമ്പനിക്ക് ടോൾ പിരിവ് നടത്താൻ ആകില്ലെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. 2022 ജനുവരി 18 വരെയും കരാർ കമ്പനിക്ക് കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ഒട്ടേറെ പണികൾ ഇനിയും പൂർത്തീകരിക്കാനുണ്ട്. നിർമ്മാണ പൂർത്തീകരണത്തിന്റെ കാലാവധി മാർച്ച് 31 വരെ നീട്ടിയിട്ടുമുണ്ട്. ജനുവരി 18 വരെ പ്രൊവിഷണൽ കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല എന്നാണ് വിവരം. അഡ്വ. ഷാജി ജെ. കോടങ്കണ്ടത്തിന് ദേശീയപാത അതോറിറ്റി നൽകിയ വിവരാവകാശ രേഖയിലാണ്
ഇക്കാര്യങ്ങളുള്ളത്. ദേശീയ പാതയിൽ 2.55 കിലോമീറ്റർ ദൂരം പണികൾ പൂർത്തീകരിക്കാൻ ഉണ്ട് . കരാർ പ്രകാരമുള്ള സർവീസ് റോഡിന്റെ 3.6 കിലോമീറ്ററും കരാർ ഭേദഗതി പ്രകാരം ഉള്ള സർവീസ് റോഡിലെ 2.69 കിലോമീറ്ററും നിർമ്മാണം പൂർത്തീകരിക്കണം. 8 കിലോമീറ്റർ ദൂരം കാന നിർമ്മിക്കാൻ ഉണ്ട്. നാല് ട്രക്ക് പാർക്കിംഗ് ഏരിയകൾ, 12 ബസ് ഷെൽട്ടറുകൾ എന്നിവയും നിർമ്മിക്കണം. മൂന്ന് ചെറിയ ജങ്ഷനുകളും 5 വലിയ ജങ്ഷനുകളും വികസിപ്പിക്കാനുണ്ട്. സർവീസ് റോഡിൽ 30.40 കിലോമീറ്ററിലെ ബിറ്റുമിൻ കോൺക്രീറ്റിംഗ്, ഇരിപ്പിടങ്ങളുടെ നിർമ്മാണം, രണ്ട് വിശ്രമകേന്ദ്രങ്ങൾ എന്നിവയുടെ പണികളും പൂർത്തിയാക്കാനുണ്ട്. 2016 ൽ നിർമ്മാണം പൂർത്തീകരിക്കണമായിരുന്നു. കരാർ കമ്പനിയുടെയും ദേശീയപാത അതോറിറ്റിയുടെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് പൂർത്തീകരണത്തിന് കാലതാമസം ഉണ്ടാക്കിയത്. കരാർപ്രകാരമുള്ള പണികൾ മൂന്ന് വർഷത്തിലേറെ നീണ്ടുപോയാൽ ടോൾ പിരിക്കേണ്ട 20 വർഷത്തിൽ നിന്ന് അത്രയും വർഷം കുറവ് ചെയ്യാനും ദേശീയപാത അതോറിറ്റിക്ക് നഷ്ടം ഈടാക്കാനും വ്യവസ്ഥയുണ്ട്. എന്നാൽ കാലതാമസം വരുത്തിയതിൽ ദേശീയപാതാ അതോറിറ്റിക്കും വീഴ്ച സംഭവിച്ചിട്ടുള്ളതിനാൽ ടോൾ കാലാവധി കുറയ്ക്കുമോ എന്ന കാര്യം കണ്ടറിയണം.
0 Comments