പട്ടിക്കാട്. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട ഗ്രാമസഭാ നിർദ്ദേശങ്ങൾ ചർച്ച ചെയ്യാനായി പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ചേർന്നു. രണ്ട് കോടി 88 ലക്ഷം രൂപയാണ് കേന്ദ്രവിഹിതമായി പാണഞ്ചേരി ഗ്രാമപഞ്ചായത്തിന് ലഭിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഓരോ മേഖലകളിലെയും വർക്കിംഗ് ഗ്രൂപ്പുകൾ ചേർന്ന് പദ്ധതി നിർദ്ദേശങ്ങൾ തയ്യാറാക്കി ഗ്രാമസഭകളിൽ ചർച്ചചെയ്ത് ബന്ധപ്പെട്ട നടപടിക്രമങ്ങളൊക്കെ പൂർത്തീകരിച്ച് ജനുവരി 28നകം കേന്ദ്ര ഗവൺമെന്റിന്റെ വെബ്‌പോർട്ടലിൽ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പുകൾ യോഗം ചേർന്നിരുന്നു. വിവിധ വാർഡുകളിലെ ഗ്രാമസഭായോഗങ്ങളും പൂർത്തിയാക്കി. പദ്ധതി
നിർദ്ദേശങ്ങളുടെ കരടു രൂപരേഖ തയ്യാറാക്കി അംഗീകാരത്തിനായി പഞ്ചായത്ത് ഡയറക്ടറേറ്റിലേക്ക് സമർപ്പിക്കണം. കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട പദ്ധതികളാണ് ഏറെയും. പഞ്ചായത്തിന് സംസ്ഥാന സർക്കാരിന്റെ പദ്ധതി വിഹിതമായി എത്ര തുക ലഭിക്കുമെന്ന് ഫെബ്രുവരിയിൽ സംസ്ഥാന ബജറ്റിലേ അറിയാൻ കഴിയൂ. അതുകൊണ്ട് ഇപ്പോൾ കേന്ദ്ര വിഹിതം വിനിയോഗിക്കാനായി നടത്തിയ പ്രവർത്തനങ്ങളെല്ലാം ഫെബ്രുവരിക്ക് ശേഷവും ആവർത്തിക്കേണ്ടി വരും. പഞ്ചായത്ത് വൈസ്പ്രസിഡണ്ട് സാവിത്രി സദാനന്ദൻ വികസന സെമിനാർ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുബൈദ അബൂബക്കർ, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബാബു തോമസ്, പഞ്ചായത്ത് സെക്രട്ടറി പി.ആർ ജോൺ, വാർഡ് മെമ്പർമാർ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
0 Comments