വിലങ്ങന്നൂർ. തലചായ്ക്കാൻ വീടോ സ്വന്തമായി ഒരു തുണ്ട് ഭൂമിയോ ഇല്ലാത്ത അഞ്ച് കുടുംബങ്ങൾക്ക് വീടു നിർമ്മിക്കാൻ സൗജന്യമായി ഭൂമി നൽകി മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃകയാവുകയാണ് ലീന ഫ്രാൻസിസ്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ താമരവെള്ളച്ചാൽ വാർഡിൽ പായ്ക്കണ്ടത്ത് ചിങ്ങിണിയാടൻ വീട്ടിൽ പരേതനായ ജോണിയുടെയും ലില്ലിയുടെയും മകളാണ് ലീന. കുട്ടിക്കാലം മുതൽ മനസ്സിൽ കൊണ്ടു നടന്നിരുന്ന ഒരു ആഗ്രഹം സഫലമാകുന്നതിന്റെ ആഹ്ലാദത്തിലാണ് താനെന്ന് ലീന
പറഞ്ഞു. ആകുലതകളില്ലാതെ കടന്നുപോയ സ്വന്തം ജീവിത വഴികൾക്കിടയിലും തലചായ്ക്കാനിടമില്ലാതെ ദുരിത ജീവിതം നയിക്കുന്ന നിരാലംബ കുടുംബങ്ങളുടെ കാഴ്ചകൾ ലീനയുടെ മനസ്സിനെ നൊമ്പരപ്പെടുത്തിയിരുന്നു. ഭൂമിയോ വീടോ സ്വന്തമാക്കാൻ നിവൃത്തിയില്ലാത്ത ഏതാനും കുടുംബങ്ങൾക്കെങ്കിലും സ്വന്തമായി വീടു നിർമ്മിക്കാൻ സ്ഥലം നൽകണമെന്ന ലക്ഷ്യം അന്നു മുതലേ മനസ്സിൽ സൂക്ഷിച്ചു. സ്വന്തമായി അധ്വാനിച്ചു നേടിയതിൽ നിന്നും അത് നൽകണമെന്ന തീവ്രമായ ആഗ്രഹവും ഉണ്ടായിരുന്നു. അങ്ങനെയാണ് വിലകൊടുത്തു വാങ്ങിയ ഭൂമിയിൽ നിന്ന് 15 സെന്റ് അർഹരായവർക്ക് വീടു നിർമ്മിക്കാനായി സൗജന്യമായി നൽകാൻ തീരുമാനിച്ചത്. പായ്ക്കണ്ടത്ത് ടി.ജെ സനീഷ്‌കുമാർ നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാന ചടങ്ങിൽ വെച്ച് വിലങ്ങന്നൂർ വാർഡ് മെമ്പറായ ഷൈജു കുരിയനെ ലീന ഇക്കാര്യം അറിയിച്ചു. വീടിന്റെ താക്കോൽ ദാനം നിർവഹിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇക്കാര്യം അറിഞ്ഞപ്പോൾ ലീനയെ അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. മുംബൈയിൽ നേഴ്‌സായി ജോലി ചെയ്യുകയാണ് ലീന. ഒമ്പത് മാസം മുമ്പാണ് ലീന നാട്ടിലെത്തിയത്. ഹോട്ടൽ ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്ന ഭർത്താവ് ചെറുവത്തൂർ ഫ്രാൻസിസും മക്കളായ ഫ്രാങ്കഌൻ ഫ്രാൻസിസും, ജാക്ക് ഫ്രാൻസിസും മുംബൈയിൽ തന്നെയാണ്. ലീനയുടെ തീരുമാനത്തിന് ഇവരുടെ പൂർണ്ണമായ പിന്തുണയുമുണ്ട്. ലീന മുബൈയിലേക്ക് മടങ്ങുന്നതിന് മുമ്പ് ഭൂമിയുമായി ബന്ധപ്പെട്ട മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള തിടുക്കത്തിലാണ് ഷൈജു കുരിയൻ.
0 Comments