പട്ടിക്കാട്. ഗവ. ഹയർ സെക്കന്ററി സ്‌ക്കൂളിലെ ഗ്രൗണ്ടിന്റെ നിർമ്മാണം 2 വർഷം കൊണ്ട് പൂർത്തിയാക്കാൻ മന്ത്രി തല യോഗം തീരുമാനിച്ചു. സ്ഥലം എംഎൽഎ കൂടിയായ റവന്യൂ വകുപ്പ് മന്ത്രി ആവശ്യപ്പെട്ടതനുസരിച്ചാണ് റവന്യൂ കായിക പൊതുവിദ്യാഭ്യാസ ജലവിഭവ വകുപ്പ് മന്ത്രിമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും യോഗം തിരുവനന്തപുരത്ത് ചേർന്നത്. 75 മീറ്റർ നീളവും 45 മീറ്റർ വീതിയും ഉള്ള അത്യാധുനിക ഫുട്‌ബോൾ ഗ്രൗണ്ടാണ് പട്ടിക്കാട് സ്‌ക്കൂളിൽ ഒരുക്കുന്നത്. രാത്രിയിലും ഫുട്‌ബോൾ മത്സരം നടത്താവുന്ന ഫ്‌ളെഡ് ലൈറ്റ് സൗകര്യമുള്ള കളിക്കളമാണ് ഒരുക്കുന്നത്. ഇതിനായി 300 ലക്ഷം രൂപ കഴിഞ്ഞ ബഡ്ജറ്റിൽ അനുവദിച്ചിരുന്നു. ഗ്രൗണ്ട് വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഒരു വശത്തുള്ള എൽപി സ്‌ക്കൂളിന്റേയും, ഹയർ സെക്കന്ററി സ്‌ക്കൂളിന്റേയും സ്ഥലം കൂടി കുറച്ച് എടുക്കേണ്ടതായി വരും. ഇത് അനുവദിക്കാമെന്നും, പട്ടിക്കാട് ഹയർ സെക്കന്ററി സ്‌ക്കൂളിന് അനുവദിച്ച 3 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗതയിൽ ആരംഭിക്കുന്നതിന് നിർവ്വഹണ ഏജൻസിയായ കിലക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി യോഗത്തിൽ അറിയിച്ചു. ഇതിനായി ഏതെങ്കിലും ഭാഗം പൊളിക്കേണ്ടതുണ്ടെങ്കിൽ ആ നടപടിക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അടിയന്തിരമായി നേതൃത്വം നൽകണം.
മറു വശത്തു കൂടി പോകുന്ന കനാലിൽ നിന്ന് നിലവിലുള്ള ഗ്രൗണ്ടിലേക്ക് വരുന്ന വാട്ടർ ലീക്കേജ് പരിഹരിക്കാൻ ജലവിഭവ വകുപ്പ് പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും അതിനാവശ്യമായ പണം ജലവിഭവ വകുപ്പ് തന്നെ മാറ്റി വെക്കുമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ യോഗത്തെ അറിയിച്ചു.
ഗ്രൗണ്ട് കൈമാറി കിട്ടിയാൽ 30 ദിവസത്തിനകം ടെന്റർ നടപടികൾ പൂർത്തീകരിക്കും. അത്യാധുനിക നിലാവരത്തിലുള്ള സ്‌റ്റേഡിയം 2 വർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് കായിക വകുപ്പ് മന്ത്രി അബ്ദുറഹ്മാൻ യോഗത്തിൽ പറഞ്ഞു. പുതിയ സ്‌റ്റേഡിയം പട്ടിക്കാടിന്റെ മുഖഛായ മാറ്റുമെന്നും, ഈ പ്രവർത്തനങ്ങൾ എല്ലാ മാസവും മന്ത്രി തലത്തിൽ വിലയിരുത്തുമെന്നും റവന്യു മന്ത്രി കെ.രാജൻ പറഞ്ഞു.
റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്റെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ എന്നിവരും ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിരുന്നു.
0 Comments