മന്ത്രിമാർ ഇടപെട്ടു; ജലനിധി വൈദ്യുതി കുടിശ്ശിക 25 തവണയായി അടയ്ക്കാം. ജലവിതരണം പുനരാരംഭിച്ചേക്കും


പട്ടിക്കാട്. ആയിരത്തി അഞ്ഞൂറോളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിയ ജലനിധി പ്രശ്‌നത്തിന് താൽക്കാലിക പരിഹാരമായി. വൈദ്യുതി കുടിശ്ശിക ഇനത്തിൽ ജലനിധി അടയ്ക്കാനുള്ള ഒമ്പത് ലക്ഷത്തി മുപ്പത്തിമൂവായിരം രൂപ 25 തവണകളായി അടയ്ക്കാൻ വഴിയൊരുങ്ങി. മന്ത്രിമാരായ കെ കൃഷ്ണൻകുട്ടിയുടെയും കെ. രാജന്റെയും ഇടപെടലുകളെ തുടർന്നാണ് ജലവിതരണം പുനരാരംഭിക്കാനുള്ള സാധ്യത തെളിഞ്ഞത്. വൻ തുക വൈദ്യുതി കുടിശ്ശിക വന്നതിനാൽ പീച്ചി എസ്.എൽ.ഇ.സി യുടെ മയിലാട്ടും പാറയിലെ പ്ലാന്റിന്റെ വൈദ്യുതി കണക്ഷൻ കെ.എസ്.ഇ.ബി അധികൃതർ വിച്ഛേദിച്ചിരുന്നു. ഇതോടെ പതിമൂന്നു ദിവസമായി കുടിവെള്ള വിതരണം മുടങ്ങിയിരിക്കുകയായിരുന്നു. കുടിവെള്ളമില്ലാതെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ചും പ്ലാന്റിന്റെ ശോചനീയാവസ്ഥയെക്കുറിച്ചും പ്രൈം ന്യൂസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് പാണഞ്ചേരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രശ്‌നം പരിഹരിക്കാനുള്ള പരിശ്രമങ്ങൾ നടത്തി വരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ്  ഇരു മന്ത്രിമാരും പങ്കെടുത്ത യോഗം ഇന്ന് തിരുവനന്തപുരത്ത്  ചേർന്നത്. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് പി.പി. രവീന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഇ.ടി ജലജൻ, കെ.വി അനിത എന്നിവരും യോഗത്തിൽ പങ്കെടുത്തു.


Post a Comment

0 Comments