കെഎഫ്ആർഐയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി കനാൽ നികത്തി; കൃഷിക്ക് വെള്ളം ലഭിക്കുന്നില്ലെന്ന് കർഷകരുടെ പരാതി


പീച്ചി. കെഎഫ്ആർഐയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി കനാൽ നികത്തിയതുമൂലം കൃഷിക്ക് വെള്ളം ലഭിക്കുന്നില്ലെന്ന പരാതിയുമായി കർഷകർ രംഗത്ത്. ഇറിഗേഷൻ വകുപ്പിന്റെ അനുമതിയോടു കൂടിയാണ് ഇടതുകര കനാൽ നികത്തിയത്. 2018ലെ പ്രളയകാലത്ത് കെഎഫ്ആർഐയുടെ പ്രധാന കെട്ടിടത്തോട് ചേർന്ന്  മണ്ണിടിച്ചിൽ ഉണ്ടായിരുന്നു.  ഇത് കെട്ടിടത്തെ ബാധിക്കാതിരിക്കായുള്ള സൂരക്ഷാ ഭിത്തിയുടെ നിർമ്മാണമാണ് നടക്കുന്നത്. മാർച്ച് പകുതിയോടെ പണി പൂർണമായും പൂർത്തീകരിക്കുമെന്നാണ് വിശദീകരണം. ഇടതുകര കനാലിലൂടെ ഒരു മാസം മുമ്പാണ് വെള്ളം തുറന്നു വിട്ടത്. രണ്ടാം ഘട്ടം കനാൽ തുറന്നു വിടേണ്ട സമയമാണ്. ഇനിയും വൈകിയാൽ കൃഷികൾ കരിഞ്ഞുണങ്ങും. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി കനാലിലൂടെ വെള്ളം തുറന്നു വിടാൻ കാലതാമസം എടുക്കുന്നത് കർഷകരിൽ ആശങ്ക ഉയർത്തിയിരിക്കുകയാണ്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും  ആവശ്യപ്പെടുന്ന സമയത്ത് തന്നെ രണ്ടാംഘട്ട ജലവിതരണം കനാലുകളിലൂടെ നടത്തുമെന്നും ഇറിഗേഷൻ അധികൃതർ അറിയിച്ചു. പീച്ചി മുതൽ ആമ്പല്ലൂർ വരെയുള്ള മേഖലകളിൽ വേനൽക്കാലത്ത് ജലലഭ്യത ഉറപ്പുവരുത്തുന്നത് ഇടതുകര കനാലാണ്. അനുമതി ഉണ്ടെങ്കിലും കനാൽ നികത്തിയതിനെതിരെ രൂക്ഷമായ പ്രതിഷേധമാണ് ഉള്ളത്.


Post a Comment

0 Comments