വഴക്കുംപാറയിൽ സർവ്വീസ് റോഡിന്റെ ടാറിംഗ് പൂർത്തിയായി. ഗതാഗതം ഇന്നുമുതൽ ആരംഭിക്കും.


ടാറിംഗ് പൂർത്തിയായ പാലക്കാട് ഭാഗത്തേക്കുള്ള സർവ്വീസ് റോഡ്

കുതിരാൻ. വഴക്കുംപാറ സെന്ററിൽ നിന്നും പ്രധാന പാതയുടെ വടക്ക് ഭാഗം ചേർന്നുള്ള സർവ്വീസ് റോഡിന്റെ ടാറിംഗ് പൂർത്തിയായി. ഇതിലൂടെയുള്ള ഗതാഗതം ഇന്നു മുതൽ ആരംഭിക്കും. പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങളെയാണ് ഇതിലൂടെ കടത്തി വിടുന്നത്. വഴക്കുംപാറ സെന്ററിൽ നിന്നും ആരംഭിക്കുന്ന സർവ്വീസ് റോഡ് അടിപ്പാത കഴിഞ്ഞ് മുന്നോട്ട് ചെന്നാണ് നിലവിലെ ഒറ്റവരി പാതയിലേക്ക് ചെന്ന് ചേരുന്നത്. തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ നിലവിലെ സർവ്വീസ് റോഡിലൂടെ തന്നേയാണ് കടന്നു പോകുക. പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ പുതിയ സർവ്വീസ് റോഡിലൂടെ പോകുന്നതോടെ സർവ്വീസ് റോഡുകളിലെ തിരക്ക് കുറയുകയും ചുവന്നമണ്ണ് മുതലുള്ള ഗതാഗതക്കുരുക്കിന് പരിഹാരമാകുകയും ചെയ്യും. തുരങ്കത്തിലേക്കുള്ള പ്രധാന പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായാണ് സർവ്വീസ് റോഡിലൂടെ വാഹനങ്ങൾ കടത്തിവിടുന്നതെന്ന് കമ്പനി പിആർഒ അജിത് പ്രസാദ് പറഞ്ഞു. തുരങ്ക മുഖത്തെ പാറപൊട്ടിക്കൽ കഴിയുന്നതോടെ പ്രധാന പാതയുടെയും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകും. നിലവിൽ പ്രധാന പാതയിലെ കോൺക്രീറ്റ് ഭിത്തികളുടെ ഉൾഭാഗത്ത് ഫിൽറ്റർ മീഡിയ സ്ഥാപിച്ച് മണ്ണിട്ട് നികത്തുകയാണ് ചെയ്യുന്നത്. അടിപ്പാതയുടെ വടക്ക് ഭാഗത്തുള്ള മെയിൽ സ്ലാബിന്റെ പണികൾ രണ്ടാഴ്ചക്കകം പുർത്തിയാകുമെന്ന് ഡെപ്യൂട്ടി പ്രൊജക്ട് മാനേജർ വീരഭദ്രം പറഞ്ഞു.






Post a Comment

0 Comments