പട്ടിക്കാട്. വലിയ കുഴികൾ നിറഞ്ഞ് യാത്ര ദുസ്സഹമായ പീച്ചി ഡാം റോഡിൽ പൊതുമരാമത്തു വകുപ്പിന്റെ കുഴിയടയ്ക്കൽ പരിപാടി വീണ്ടും തുടങ്ങി.മെക്കാഡം റോഡിൽ സാധാരണ മെറ്റലും ടാറും ഉപയോഗിച്ച് കുഴിയടക്കുന്നത് അശാസ്ത്രീയമാണെന്ന ആരോപണവും ഉയരുന്നുണ്ട്. ഇത്തരത്തിൽ കുഴിയടച്ചു കഴിയുമ്പോൾ പിന്നീട് അവിടെയെല്ലാം ടാറിംഗ് ഇളകുന്ന അവസ്ഥയാണ്. ഇതോടെ പീച്ചി ഡാം റോഡിന്റെ റീടാറിംഗ് അടുത്ത കാലത്തൊന്നും ഉണ്ടാകില്ലെന്നും ഉറപ്പായി. റീടാറിംഗിനെക്കുറിച്ച് പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥർക്കും ധാരണയില്ല. കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ച് വിലങ്ങന്നൂർ മുതൽ പീച്ചി റോഡ് ജങ്ഷൻ വരെ നാല് ലക്ഷം രൂപ ചെലവിലാണ് ഇപ്പോഴത്തെ കുഴിയടയ്ക്കൽ.
വലിയ ജനകീയ സമരങ്ങൾക്കൊടുവിലാണ് പത്തു വർഷം മുമ്പ് പീച്ചി റോഡ് ജങ്ഷൻ മുതൽ പീച്ചി ഡാം ഗേറ്റു വരെ എട്ട് കിലോമീറ്റർ ദൂരംവീതി കൂട്ടിമെക്കാഡം ടാറിംഗിന് അനുമതിയായത്. രാജാജി മാത്യു തോമസ് എംഎൽഎ ആയിരുന്ന കാലത്ത് ആരംഭിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കി എം.പി വിൻസന്റ് എംഎൽഎ ആയിരുന്ന കാലയളവിലാണ് റോഡ് യാഥാർത്ഥ്യമായത്. നിർമ്മാണം പൂർത്തീകരിച്ച് 5 വർഷത്തിന് മുമ്പ് ഒരു റീ ടാറിംഗിന് വ്യവസ്ഥയുണ്ടായിരുന്നെങ്കിലും അറ്റകുറ്റപ്പണികൾ പോലും നടത്തിയില്ല. ഇതിനിടയ്ക്ക് പലയിടത്തും പൈപ്പു പൊട്ടിയും ഗട്ടർ രൂപപ്പെട്ടും റോഡിൽ വലിയ കുഴികളുണ്ടായി. എന്നാൽ ഒരു വിധ അറ്റകുറ്റപ്പണികളും നടന്നില്ല. റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ച് ഏഴു വർഷം കഴിഞ്ഞതിനു ശേഷം 2020 ആഗസ്റ്റിൽ റോഡ് പൂർണ്ണമായും റീ ടാറിംഗ് നടത്തുമെന്ന പ്രഖ്യാപനം വന്നു. അതുമായി ബന്ധപ്പെട്ട് സർവ്വേ നടപടികൾ തുടങ്ങിയെങ്കിലും റോഡിൽ പിന്നേയും കുഴികൾ വന്നതല്ലാതെ ഒന്നും സംഭവിച്ചില്ല.
2021 ഫെബ്രുവരിയിൽ പീച്ചി ഡാം റോഡിന്റെ റീ ടാറിംഗിന് ഭരണാനുമതി ലഭിച്ചതായി അന്ന് ചീഫ് വിപ്പായിരുന്ന അഡ്വ. കെ രാജൻ അറിയിച്ചു. ഉപരിതലം പുതുക്കി റീ ടാറിംഗ് നടത്തുന്നതിന് 90 ലക്ഷം രൂപ അനുവദിച്ചതായാണ് അറിയിച്ചത്.പിന്നീടും തുടർ നടപടികളുണ്ടായില്ല. പ്രഖ്യാപനങ്ങളൊക്കെ പാഴ്‌വാക്കായി മാറി. 2021 ജൂണിൽ റോഡിലെ വലിയ കുഴികൾ ഷെൽമാക്ക് ഉപയോഗിച്ച് അടയ്ക്കുക മാത്രമാണ് ചെയ്തത്. എന്നാൽ അധികം വൈകാതെ കുഴികളെല്ലാം വീണ്ടും തുറന്നു. മിക്കവാറും എല്ലാ ഭാഗത്തും രണ്ടിഞ്ച് കനത്തോളം റോഡിന്റെ ഉപരിതലംഅടർന്നു പോയിട്ടുണ്ട്. റീ ടാറിംഗ് നടത്തിയാലേ ഇത് പരിഹരിക്കാൻ കഴിയൂ. ഇതിനിടെ പീച്ചി റോഡ് ജങ്ഷൻ മുതൽ വിലങ്ങന്നൂർ വരെയുള്ള ഭാഗം മലയോര ഹൈവേയുടെ റൂട്ടിൽ ഉൽപ്പെടുത്തിയതായും വാർത്ത വന്നു. ഇതോടെ റോഡിന്റെ റീ ടാറിംഗ് എന്നു നടക്കുമെന്നുള്ള കാര്യത്തിൽ ആർക്കും ഒരു ധാരണയില്ല.എംഎൽഎയും മറ്റ് ബന്ധപ്പെട്ട അധികൃതരും അടിയന്തരമായി ഇക്കാര്യത്തിൽ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
0 Comments