കണ്ണാറ. ശാസ്ത്ര അവബോധമാണ് യുക്തിപൂർവ്വം ചിന്തിക്കാർ മനുഷ്യനെ പ്രാപ്തനാക്കുന്നതെന്ന് മുൻമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. കേരള വന ഗവേഷണ സ്ഥാപനത്തിൽ സംഘടിപ്പിച്ച ശാസ്ത്ര വാരാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രജ്ഞാനം കൊണ്ടു മാത്രമല്ല, യുക്തിബോധവും ശാസ്ത്രാവബോധവും കൊണ്ടു മാത്രമേ അന്ധവിശ്വാസങ്ങളെ ചെറുക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. ദേശീയ ശാസ്ത്ര വാരത്തോടനുബന്ധിച്ച് കെഎഫ്ആർഐയിൽ ഇന്നു മുതൽ 28 വരെ വിജ്ഞാൻ സർവത്ര പൂജ്യതേ എന്ന പേരിൽ ശാസ്ത്ര വാരാഘോഷം നടത്തുകയാണ്. ആസാദി കാ അമൃത് ഉത്സവത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ വിജ്ഞാൻ പ്രസാദുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ശാസ്ത്ര വാരാഘോഷത്തിന്റെ ഭാഗമായി ഇന്ത്യയിലെ ശാസ്ത്ര പുരോഗതി വെളിവാക്കുന്ന ശാസ്ത്ര പ്രദർശനങ്ങൾ, പ്രഭാഷണങ്ങൾ, പുസ്തകോത്സവം, വിദ്യാർഥികൾക്കുള്ള മത്സരങ്ങൾ എന്നിവയുണ്ടാകും. ഡിഫൻസ് റിസർച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷൻ, ഔഷധസസ്യ ബോർഡ്, ഔഷധി, കെഎഫ്ആർഐ, സെന്റർ ഫോർ മറൈൻ ലിവിങ് റിസോഴ്‌സസ് ആൻഡ് ഇക്കോളജി എന്നിവയുടെ പ്രദർശനവും ശാസ്ത്ര പുസ്തക മേളയും നടക്കും. കൊച്ചി നേവൽ ഫിസിക്കൽ ആന്റ് ഒഷ്യനോഗ്രാഫി സ്ഥാപനത്തിലെ ഡയറക്ടർ എസ് വിജയൻ പിള്ള ശാസ്ത്രജ്ഞാനത്തിന്റെ വഴികൾ ആധുനിക ശാസ്ത്രവും രീതിശാസ്ത്രവും എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. കെഎഫ്ആർഐ ഡയറക്ടർ ഡോ ശ്യാം വിശ്വനാഥ് അധ്യക്ഷത വഹിച്ചു. രജിസ്ട്രാർ ഡോ ടി. വി. സജീവ്, റിസർച്ച് കോഡിനേറ്റർ ഡോ വി. അനിത എന്നിവരും സംസാരിച്ചു.
0 Comments